പ്രതീക്ഷ നല്‍കി സഞ്ജു സാംസണിനെ വീണ്ടും തഴയും? പുതിയ സൂചനകള്‍ ആശങ്ക നല്‍കുന്നത്

Published : Jun 17, 2023, 04:01 PM ISTUpdated : Jun 17, 2023, 04:06 PM IST
പ്രതീക്ഷ നല്‍കി സഞ്ജു സാംസണിനെ വീണ്ടും തഴയും? പുതിയ സൂചനകള്‍ ആശങ്ക നല്‍കുന്നത്

Synopsis

ഐപിഎല്‍ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഓപ്പണര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത

മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ട്വന്‍റി 20 ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യത. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു സാംസണ്‍ ടി20 ടീമിലേക്ക് വിന്‍ഡീസ് പരമ്പരയിലൂടെ തിരിച്ചെത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ടീമിനെ അണിനിരത്തിയാല്‍ സഞ്ജു സാംസണ്‍ തഴയപ്പെടാനും സാധ്യതയുണ്ട്. ഐപിഎല്ലിലെ ഒരുപിടി മികച്ച താരങ്ങള്‍ സീനിയര്‍ ടീമിലെത്താന്‍ മത്സരിക്കുന്നതിനാലാണ് ഇത്. 

ഐപിഎല്‍ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഓപ്പണര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായ ഗില്‍ ഐപിഎല്‍ 16-ാം സീസണില്‍ 890 റണ്‍സുമായി റണ്‍വേട്ടക്കാരനായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ജയ്‌സ്വാള്‍ 625 ഉം സിഎസ്‌കെയുടെ റുതുരാജ് 590 ഉം റണ്‍സ് അടിച്ചുകൂട്ടി. മധ്യനിരയില്‍ ഇന്ത്യയുടെ ഭാവി വാഗ്‌ദാനായി വിലയിരുത്തപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് സെന്‍സേഷന്‍ തിലക് വര്‍മ്മയ്‌ക്ക് പുറമെ കെകെആറിന്‍റെ റിങ്കു സിംഗും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ശിവം ദുബെയും സ്ഥാനത്തിനായി മത്സരിക്കുന്നു. മൂവരും സിക്‌സ് ഹിറ്റിംഗ് മെഷീനുകളും ചുവടുറപ്പിച്ച് കളിക്കാന്‍ പോന്നവരുമാണ്. ഐപിഎല്‍ 2023ല്‍ റിങ്കു 149 സ്ട്രൈക്ക് റേറ്റില്‍ 474 ഉം തിലക് 42 ശരാശരിയില്‍ 343 ഉം ദുബെ 158 പ്രഹരശേഷിയില്‍ നാനൂറിലധികം റണ്‍സും സ്വന്തമാക്കി. 

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണേക്കാള്‍ പരിഗണന ഇഷാന്‍ കിഷന് ലഭിക്കാനിടയുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാനാണ് ഫസ്റ്റ് ചോയിസ് കീപ്പര്‍ എങ്കില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഫിനിഷര്‍ ജിതേഷ് ശര്‍മ്മയാണ് ടീമില്‍ ഗ്ലൗ അണിയാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഐപിഎല്ലില്‍ ഇക്കുറി ഇഷാന്‍ 142 പ്രഹരശേഷിയില്‍ 454 ഉം ജിതേഷ് 156 സ്ട്രൈക്ക് റേറ്റില്‍ 309 ഉം റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും വിന്‍ഡീസ് പര്യടനത്തില്‍ ക്യാപ്റ്റന്‍ എന്നുറപ്പാണ്. 2023ല്‍ രാജ്യാന്തര ടി20യില്‍ മൂന്ന് മത്സരങ്ങളില്‍ 117 റണ്‍സും മൂന്ന് വിക്കറ്റും നേടിയ അക്‌സര്‍ പട്ടേലാണ് ടീമിലെത്തുന്ന മറ്റൊരു ഓള്‍റൗണ്ടര്‍. ഇതോടെയാണ് സഞ്ജു സാംസണിന്‍റെ വഴി അടയാന്‍ സാധ്യത. എന്തായാലും ജൂണ്‍ 27ന് ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്ന് വ്യക്തമായി അറിയാം. 

Read more: സഞ്ജു സാംസണ്‍ വരുമോ ഇല്ലയോ; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപനം, തിയതി പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണ, ടോസിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി ഡൽഹി ക്യാപിറ്റൽസ്
'ഹര്‍ഭജന്‍ കാണിക്കുന്ന സൗഹൃദം വെറും അഭിനയം'; സ്ലാപ്‌ഗേറ്റ് വിവാദത്തെ കുറിച്ച് ശ്രീശാന്ത്