വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു സാംസണിന് പുറമെ യശസ്വി ജയ്‌സ്വാളും ഉമ്രാന്‍ മാലിക്കും അര്‍ഷ്‌ദീപ് സിംഗും ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷ
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം അടുത്തിരിക്കേ വീണ്ടും ഒരിക്കല്‍ക്കൂടി മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും അര്‍ഷ്‌ദീപ് സിംഗും ഉള്‍പ്പടെയുള്ള യുവതാരങ്ങളെ വിന്‍ഡീസ് പര്യടനത്തിന് ബിസിസിഐ അയക്കുമെന്നാണ് സൂചന. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20 മത്സരങ്ങളുമുള്ള വലിയ പരമ്പരയായതിനാല്‍ ഇന്ത്യന്‍ ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 27നാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.
വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു സാംസണിന് പുറമെ യശസ്വി ജയ്‌സ്വാളും ഉമ്രാന്‍ മാലിക്കും അര്‍ഷ്‌ദീപ് സിംഗും ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷ. സഞ്ജുവും ഉമ്രാനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിലും ജയ്‌സ്വാളും അര്‍ഷും ടെസ്റ്റ് ടീമിലും എത്താനാണ് സാധ്യത. അടുത്തിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള സ‌്‌ക്വാഡില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി ജയ്‌സ്വാളുണ്ടായിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പര്യടനത്തിലെ എല്ലാ സ്‌ക്വാഡിലുമുണ്ടാവാന്‍ സാധ്യതയില്ല. സിറാജും ഷമിയും വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായാവും ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ നിന്ന് വിശ്രമമെടുക്കുക. ചേതേശ്വര്‍ പൂജാരയെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുമോ എന്നത് കാത്തിരുന്നറിയണം.
പര്യടനത്തിലെ ടെസ്റ്റ് ടീമിനെ രോഹിത് ശര്‍മ്മ തന്നെ നയിക്കും എന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ വൈറ്റ് ബോള്‍ ടീമുകളെ ഹാര്‍ദിക് പാണ്ഡ്യ നയിക്കാനാണ് സാധ്യത. അനൗദ്യോഗികമായി ആണെങ്കിലും ടി20 ടീമിന്‍റെ ക്യാപ്റ്റന്‍സി ഇതിനകം പാണ്ഡ്യയെ സെലക്‌ടര്‍മാര്‍ ഏല്‍പിച്ചിട്ടുണ്ട്. ഇതിനൊപ്പം ടെസ്റ്റ് ടീമിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാവും. ടി20 ടീമിലേക്ക് ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദ്, റിങ്കു സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ എത്തിയേക്കും. അതേസമയം പരിക്കിന് ശേഷം കളിക്കാത്ത ജസ്‌പ്രീത് ബുമ്ര, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും കാണില്ല.
Read more: ആഷസ് പരമ്പര: ഐതിഹാസിക നാഴികക്കല്ലിന് അരികെ ആന്‍ഡേഴ്‌സണ്‍, ബ്രോഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
