ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ വ്യക്തമാക്കി. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാനാണ് താരത്തിന്റെ തീരുമാനം. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ശേഷം ഭാവികാര്യങ്ങളെക്കുറിച്ച് അധികം ആലോചിക്കുന്നില്ലെന്ന് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. 36-കാരനായ ഭുവി, ന്യൂസിലന്‍ഡിനെതിരായ നിലവിലെ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവ് താന്‍ ഒരിക്കലും ലക്ഷ്യമിട്ടിരുന്നില്ലെന്ന് താരം വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കഴിഞ്ഞ രണ്ട് ഐ പി എല്‍ സീസണുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് 2022 നവംബറിന് ശേഷം ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്.

വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ടി20 മത്സരത്തിന് ശേഷമാണ് താരം മനസ് തുറന്നത്. ''സത്യം പറഞ്ഞാല്‍, ഞാന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് കളിച്ചതല്ല. എന്നാല്‍ രാജ്യത്തിനായി കളിക്കുക എന്നത് വലിയൊരു സ്വപ്നവും അഭിമാനവുമാണ്. തിരിച്ചുവരവ് സാധ്യമായതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി എന്റെ മുന്നിലേക്ക് വന്ന മത്സരങ്ങളെയും വെല്ലുവിളികളെയും ഫിറ്റ്‌നസ് കാര്യങ്ങളെയും സ്വാഭാവികമായി സമീപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ആ ചിന്താഗതി കാര്യങ്ങള്‍ അനായാസമാക്കി. ഐപിഎല്ലിലെ പ്രകടനമാണ് ഈ തിരിച്ചുവരവിന് വഴിയൊരുക്കിയത്.'' ഭുവനേശ്വര്‍ പറഞ്ഞു.

വലിയ ദീര്‍ഘകാല ലക്ഷ്യങ്ങളൊന്നും തന്റെ മുന്നിലില്ലെന്ന് ഭുവി വ്യക്തമാക്കി. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഐ പി എല്‍ 2025 സീസണില്‍ 17 വിക്കറ്റുകളും 2026 സീസണില്‍ 28 വിക്കറ്റുകളും വീഴ്ത്തി ആര്‍സിബിക്ക് തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ഭുവനേശ്വര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഈ തിരിച്ചുവരവില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 11.58 ഇക്കോണമിയില്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

ഓപ്പണിംഗില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുക്കുന്ന യുവതാരം അഭിഷേക് ശര്‍മ്മയെ ഭുവനേശ്വര്‍ പ്രശംസിച്ചു. 'ടി20 മത്സരങ്ങളില്‍ ആദ്യ ആറ് ഓവറിനുള്ളില്‍ കളി നമ്മുടെ പക്ഷത്താക്കുക എന്നത് വലിയ മിടുക്ക് ആവശ്യപ്പെടുന്ന കാര്യമാണ്. അഭിഷേക് അത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറ്റര്‍മാരുടെ ചിന്താഗതിയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും പ്ലാനുകള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ ബൗളര്‍മാര്‍ക്ക് ഇപ്പോഴും മത്സരങ്ങള്‍ നിയന്ത്രിക്കാനാകുമെന്നും ഭുവി അഭിപ്രായപ്പെട്ടു.

YouTube video player