
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ (Team India) കൊവിഡ് വ്യാപനത്തിൽ (Covid outbreak in Team India) ആശ്വാസം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര (India vs West Indies ODI Series) ഞായറാഴ്‌ച തന്നെ തുടങ്ങാന്‍ സാധ്യതയേറി.
ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്‌ക്‌വാദ്, നവ്ദീപ് സെയ്‌നി എന്നീ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്സണ്‍ ഓഫിസര്‍ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാര്‍ എന്നിവരാണ് കൊവിഡിന്‍റെ പിടിയില്‍പ്പെട്ട സപ്പോര്‍ട്ട് സ്റ്റാഫുകള്‍. ഇവരെല്ലാം ഐസൊലേഷനില്‍ തുടരുകയാണ്. ഏകദിന പരമ്പരയ്‌ക്കായി അഹമ്മദാബാദില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ‍് സ്ഥിരീകരിച്ചത്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ധവാനും ഗെയ്‌ക്‌വാദിനും ആദ്യ ഏകദിനങ്ങള്‍ നഷ്‌ടമായേക്കും എന്നതിനാല്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മായങ്കിന് ഓപ്പണിംഗില്‍ അവസരമൊരുങ്ങും. അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും.
ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മായങ്ക് അഗര്‍വാള്‍.
വിന്‍ഡീസ് ഏകദിന ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, ഹെയ്‌ഡന്‍ വാല്‍ഷ്.