
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം(IND vs WI) ഇന്ത്യയുടെ ഏകദിന നായകനായുള്ള രോഹിത് ശര്‍മയുടെ(Rohit Sharma) അരങ്ങേറ്റമായിരുന്നു. വിരാട് കോലി(Virat Kohli)യുടെ ആഭാവത്തില്‍ മുമ്പ് പലപ്പോഴും രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ മുഴുവന്‍ സമയ നായകനായി രോഹിത്തിന്‍റെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്.
അതുകൊണ്ടുതന്നെ സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രോഹിത് നായകനായി വരുന്ന മത്സരത്തില്‍ മുന്‍ നായകന്‍ വിരാട് കോലി എങ്ങനെയാവും ഇടപെടുക എന്നത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത്. മത്സരത്തില്‍ പൊതുവെ പൊസറ്റീവായ സമീപനമായിരുന്നു കോലിയുടേത്. മത്സരത്തില്‍ രോഹിത്തിന് കോലി നല്‍കിയ ഉപദേശം ഇന്ത്യക്ക് ഒരു വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.
21-ാം ഓവര്‍ എറിഞ്ഞ യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്ത് വിന്‍ഡീസ് ബാറ്റര്‍ ഷമ്ര ബ്രൂക്സിന്‍റെ ബാറ്റില്‍ തട്ടി റിഷഭ് പന്തിന്‍റെ കൈകളിലെത്തി. ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. ബാറ്റില്‍ പന്ത് തട്ടിയിരുന്നോ എന്ന് റിഷഭ് പന്തിനും ഉറപ്പില്ലാത്തതിനാല്‍ റിവ്യു എടുക്കണോ എന്ന കാര്യത്തില്‍ സ്ലിപ്പില്‍ നിന്ന ക്യാപ്റ്റന്‍ രോഹിത് ആശയക്കുഴപ്പത്തിലായി.
ഈസമയം, രോഹിത്തിന് അടുത്തെത്തിയ കോലി റിവ്യു എടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നത് കാണാമായിരുന്നു. ഒടുവില്‍ കോലിയുടെ നിര്‍ദേശപ്രകാരം രോഹിത് റിവ്യു എടുത്തു. റിവ്യുവില്‍ പന്ത് ബ്രൂക്സിന്‍റെ ബാറ്റില്‍ തട്ടിയെന്ന് വ്യക്തമായതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ അനന്തപത്മനാഭന് തീരുമാനം തിരുത്തേണ്ടിവന്നു. 12 റണ്‍സെടുത്ത ബ്രൂക്സ് പുറത്താവുകയും ചെയ്തു.
അതേസമയം, വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാനെ പുറത്താക്കിയതോടെ ഏകദിനങ്ങളില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് ചാഹല്‍ സ്വന്തമാക്കി. 60 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 100 വിക്കറ്റ് തികച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ബൗളര്‍മാരില്‍ അഞ്ചാമതാണ് ചാഹല്‍.
58 മത്സരങ്ങളില്‍ 100 വിക്കറ്റെടുത്തിട്ടുള്ള കുല്‍ദീപ് യാദവാണ് അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ സ്പിന്നര്‍. 56 മത്സരങ്ങളില്‍ 100 വിക്കറ്റ് തികച്ചിട്ടുള്ള മുഹമ്മദ് ഷമിയും 57 മത്സരങ്ങളില്‍ 100 വിക്കറ്റ് തികച്ച ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 100 വിക്കറ്റ് തികച്ചവര്‍. കുല്‍ദീപ് മൂന്നാമതും 59 മത്സരങ്ങളില്‍ 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്‍ നാലാമതും ചാഹല്‍ അഞ്ചാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!