സൂപ്പര്‍ ഓവറില്‍ റണ്‍സെടുക്കാതെ ഇന്ത്യ എ; ബംഗ്ലാദേശിനോട് തോല്‍വി, റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

Published : Nov 21, 2025, 07:13 PM IST
IND a vs BAN a

Synopsis

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് എ ടീമിനോട് തോറ്റ് ഇന്ത്യ എ പുറത്തായി. ആവേശകരമായ മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ച സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ഒരു റണ്‍സ് പോലും നേടാനായില്ല. 

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീമീനെ മറികടന്ന് ബംഗ്ലാദേശ് എ ഫൈനലില്‍. അവേശകരമായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന്‍ സോഹന്റെ (46 പന്തില്‍ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എസ് എം മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സ് നേടി. 44 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ടോപ് സ്‌കോറര്‍.

പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ട ജിതേഷ് ശര്‍മ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ അഷുതോഷ് ശര്‍മയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പര്‍ ഓവറില്‍ റില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. സുയഷ് ശര്‍മയുടെ ആദ്യ പന്ത് യാസിര്‍ അലി സിക്‌സിന് ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ രമണ്‍ദീപ് സിംഗ് കയ്യിലൊതുക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശ് വിജയം തട്ടിയെടുത്തു. സുയഷിന്റെ പന്ത് വൈഡാവുകയായിരുന്നു.

നേരത്തെ, അവസാ ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ അഷുതോഷ് ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ നെഹല്‍ വധേരയും ഒരു റണ്‍സെടുത്തു. മൂന്നാം പന്തില്‍ അഷുതോഷ് സിക്‌സ് നേടി. നാലാം പന്ത് ബൗണ്ടറിയിലേക്ക്. അനായാസ ക്യാച്ച് ബംഗ്ലാ താരം വിട്ടുകളയുകയായിരുന്നു. അഞ്ചാം പന്തില്‍ അഷുതോഷ് പുറത്തായി. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. ഹര്‍ഷ് ദുബെ പന്ത് ലോംഗ് ഓണിലേക്ക് പായിച്ചു. ഒരു റണ്‍ മാത്രം നേടാന്‍ സാധിക്കുമായരുന്നുള്ളു. എന്നാല്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറുടെ മണ്ടത്തരം മൂന്ന് റണ്‍സാക്കി കൊടുത്തു. വിക്കറ്റ് കീപ്പര്‍ അക്ബര്‍ അലി പന്ത് കയ്യില്‍ ഒതുക്കുന്നതിന് പകരം സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാല്‍ വിക്കറ്റില്‍ കൊണ്ടതുമില്ല. ഇന്ത്യന്‍ താരങ്ങള്‍ ഒരു റണ്‍ കൂടി ഓടിയെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

നേരത്തെ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 38) - ആര്യ സഖ്യം ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് ചേര്‍ത്തു. വൈഭവ് പുറത്തായ ശേഷം ജിതേഷ് ശര്‍മ (33), നെഹല്‍ വധേര (32) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. നമന്‍ ധിര്‍ (7), രമണ്‍ദീപ് സിംഗ് (17), അഷുതോഷ് ശര്‍മ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.നേരത്തെ, ഗംഭീര തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ സോഹന്‍ - ജിഷാന്‍ ആലം (14 പന്തില്‍ 26) സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജിഷാന്‍ മടങ്ങിയതിന് പിന്നാലെ റണ്‍നിരക്ക് കുറഞ്ഞു.

സവാദ് അബ്രാര്‍ (13), അക്ബര്‍ അലി (9), അബു ഹൈദര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സോഹനും മടങ്ങി. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് അവസാന രണ്ട് ഓവറുകളില്‍ മെഹറോബും - യാസര്‍ അലിയും (9 പന്തില്‍ പുറത്താവാതെ 17) നടത്തിയ പ്രകടനമാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. ഇരുവരും 64 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്ക് വേണ്ടി ഗുര്‍ജപ്‌നീത് സിംഗ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നമന്‍ ധിര്‍, നെഹാല്‍ വധേര, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ.

ബംഗ്ലാദേശ്: ഹബീബുര്‍ റഹ്മാന്‍ സോഹന്‍, ജിഷാന്‍ ആലം, സവാദ് അബ്രാര്‍, അക്ബര്‍ അലി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മഹിദുല്‍ ഇസ്ലാം അങ്കോണ്‍, യാസിര്‍ അലി, എസ്എം മെഹറോബ്, അബു ഹൈദര്‍ റോണി, റാക്കിബുള്‍ ഹസന്‍, അബ്ദുള്‍ ഗഫാര്‍ സഖ്‌ലെയ്ന്‍, റിപ്പണ്‍ മണ്ഡല്‍.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല