അഫ്ഗാനിസ്ഥാന്‍ എ ടീമിന് തകര്‍ത്ത് തിലക് വര്‍മയും സംഘവും; ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍

Published : Jun 17, 2026, 08:34 PM IST
Tilak Varma

Synopsis

ത്രിരാഷ്ട്ര പരമ്പരയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എ ടീമിനെ 101 റൺസിന് തകർത്ത് ഇന്ത്യ എ ഫൈനലിൽ പ്രവേശിച്ചു. നായകൻ തിലക് വർമ്മയുടെ അർധസെഞ്ചുറിയും (59) നിഷാന്ത് സിന്ധുവിൻ്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഈ വിജയത്തോടെ ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി ഫൈനൽ ഉറപ്പിച്ചു.

ദംബുള്ള: നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ എ ടീമിനെ തകര്‍ത്ത് ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പ്രവേശിച്ചു. ബുധനാഴ്ച നടന്ന ജീവനമരണ പോരാട്ടത്തില്‍ 101 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നായകന്‍ തിലക് വര്‍മയുടെ ഉത്തരവാദിത്തമുള്ള ബാറ്റിംഗും (59), കൃത്യതയാര്‍ന്ന നായകത്വവുമാണ് ഇന്ത്യക്ക് തുണയായത്. തിങ്കളാഴ്ച ശ്രീലങ്ക എ ടീമിനോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടതോടെ ഇന്ത്യ എ ടീം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ 4 പോയിന്റോടെ പട്ടികയില്‍ ഒന്നാമതെത്തി.

മികച്ച നെറ്റ് റണ്‍റേറ്റിന്റെ (0.597) കരുത്തില്‍ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. 2 പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ വെള്ളിയാഴ്ച ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ പോലും റണ്‍റേറ്റിലെ വലിയ വ്യത്യാസം കാരണം ഇന്ത്യയെ മറികടക്കാനാകില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ടീമിന് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് സ്‌ഫോടനാത്മക തുടക്കമാണ് നല്‍കിയത്. ആദ്യ 8 ഓവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോമിലായിരുന്ന സൂര്യവംശി 38 റണ്‍സെടുത്ത് പുറത്തായി. ഫരീദൂണ്‍ ദാവൂദ്സായിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചായിരുന്നു സൂര്യവംശിയുടെ മടക്കം. മറുഭാഗത്ത് തകര്‍ത്തടിച്ച പ്രിയാന്‍ഷ് ആര്യ 29 പന്തുകളില്‍ നിന്ന് അതിവേഗ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 58 റണ്‍സെടുത്ത പ്രിയാന്‍ഷ് പുറത്തായതോടെ പിിച്ചിന്റെ വേഗത കുറയുകയും റണ്‍സ് ഉയര്‍ത്തുന്നത് ബുദ്ധിമുട്ടാകുകയും ചെയ്തു. പിച്ച് സ്ലോ ആയതോടെ ക്യാപ്റ്റന്‍ തിലക് വര്‍മ്മയും വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. എന്നാല്‍ 30 റണ്‍സെടുത്ത ഗെയ്ക്വാദ് നിര്‍ഭാഗ്യകരമായ രീതിയില്‍ ക്യാച്ച് ബിഹൈന്‍ഡ് ആയി പുറത്തായി.

തുടര്‍ന്ന് തിലക് വര്‍മ്മ ഇന്നിംഗ്‌സിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 67 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയ ക്യാപ്റ്റന് പിന്തുണയുമായി കുമാര്‍ കുശാഗ്രയും (58) തിളങ്ങി. നാലാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തില്‍ നിലനിര്‍ത്തിയത്. അവസാന ഓവറുകളില്‍ വിപ്രാജ് നിഗം 20 പന്തില്‍ 30 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയതോടെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി.

ബോളിംഗില്‍ തിളങ്ങി നിഷാന്ത് സിന്ധു

320 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. ഹസ്സന്‍ ഐസാഖിലിനെ (14) യഷ് താക്കൂറും, ഖാലിദ് താനിപാലിനെ (13) അന്‍ഷുല്‍ കംബോജും പുറത്താക്കി. ക്യാപ്റ്റന്‍ ഇമ്രാന്‍ മിറിനെ നിഷാന്ത് സിന്ധു കൂടി മടക്കിയതോടെ അഫ്ഗാന്‍ പ്രതിരോധത്തിലായി. ബാഹിര്‍ ഷാ (52 പന്തില്‍ 57), ഫൈസല്‍ ഷിനോസാദെ (46) എന്നിവര്‍ ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അഫ്ഗാന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ അഫ്ഗാന്‍ തകര്‍ച്ച പൂര്‍ത്തിയായി.

ഇന്ത്യക്കായി നിഷാന്ത് സിന്ധു 6.5 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് താക്കൂര്‍ രണ്ട് വിക്കറ്റും കംബോജ്, സൂര്യന്‍ഷ് ഷെഡ്‌ഗെ, അനുകുല്‍ റോയ്, നിഗം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 36.5 ഓവറില്‍ 218 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ടായി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുംബൈ ഇന്ത്യൻസ് വിട്ടാൽ സൂര്യകുമാർ യാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്?, വമ്പൻ പ്രവചനവുമായി റോബിൻ ഉത്തപ്പ
സൂപ്പർ ഓവർ നാടകീയതയ്ക്ക് പിന്നാലെ കയ്യാങ്കളി, വൈഭവ് സൂര്യവംശിയെ പ്രകോപിപ്പിച്ചത് ലങ്കൻ താരത്തിന്‍റെ ആ വാക്കുകൾ