
കൊളംബൊ: എമേര്‍ജിംഗ് ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റന്‍ വിജയക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ തയ്യബ് താഹാറിന്റെ (108) സെഞ്ചുറി കരുത്തില്‍ 352 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ സഹിബ്‌സാദ ഫര്‍ഹാന്‍ (65), സയിം അയൂബ് (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതമെടുത്തു.
കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അയൂബ് - ഫര്‍ഹാന്‍ സഖ്യ 121 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അയൂബിനെ പുറത്താക്കി സ്പിന്നര്‍ മാനവ് സുതര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. ഏഴ് ഫോറും രണ്ട് സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
പിന്നാലെ സഹഓപ്പണര്‍ ഫര്‍ഹാന്‍ റണ്ണൗട്ടായി. 62 പന്തുകള്‍ നേരിട്ട താരം നാല് വീതം ഫോറും സിക്‌സും നേടിയിരുന്നു. തുടര്‍ന്ന് ഒമൈര്‍ യൂസുഫ് (35)- തയ്യബ് സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരട്ട പ്രഹരമേല്‍പ്പിച്ച പരാഗ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. യൂസുഫിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ പരാഗ്, തൊട്ടടുത്ത പന്തില്‍ ക്വാസിം അക്രത്തേയും (0) മടക്കി. ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസിനെ (2) നിശാന്ത് സിന്ധുവും മടക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിന് 187 എന്ന നിലയിലായി.
തുടര്‍ന്നാണ് പാകിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. മുബഷിര്‍ ഖാന്‍ (35) - തയ്യബ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 126 റണ്‍സാണ് അടിച്ചെടുത്തത്. തയ്യബാണ് നേതൃത്വം കൊടുത്തത്. ഇതിനിടെ താരം സെഞ്ചുറിയും പൂര്‍ത്തിയാക്കി. 71 പന്തുകളില്‍ നിന്നാണ് താരം 108 റണ്‍സ് അടിച്ചെടുത്തത്. രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കറുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച്.
47-ാം ഓവറില്‍ മുബഷിര്‍ ഖാന്‍ പുറത്തായി. ഹങ്കര്‍ഗേക്കറുടെ രണ്ടാം വിക്കറ്റായിരുന്നു അത്. മെഹ്‌റാന്‍ മുംതാസിനെ (13) ഹര്‍ഷിത് റാണയും പറഞ്ഞയച്ചതോടെ പാകിസ്ഥാന്‍ എട്ടിന് 332 എന്ന നിലയിലായി. മുഹമ്മദ് വസിം (17), സുഫിയാന്‍ മുഖീം (4) പുറത്താവാതെ നിന്നു.
പ്രതിഷേധം ഫലം കാണുന്നു; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയച്ചേക്കും, നായകനാവുക ഛേത്രി