
കൊളംബോ: എമേര്‍ജിംഗ് ഏഷ്യാ കപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ എയെ വിറപ്പിക്കുന്ന തുടക്കമാണ് ബന്ധവൈരികളായ പാകിസ്ഥാന്‍ എ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നേടിയത്. ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിനയച്ച ഇന്ത്യ എ നായകന്‍ യഷ് ദുള്ളിന്‍റെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്. പാകിസ്ഥാന്‍റെ ടോപ് 4 ബാറ്റര്‍മാരും തിളങ്ങിയപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ വിക്കറ്റുമായി റിയാന്‍ പരാഗ് ഇന്ത്യയുടെ ഗെയിം ചേഞ്ചറാകുന്ന കാഴ്‌ചയാണ് പിന്നീട് പ്രേമദാസയില്‍ കണ്ടത്.
ഐപിഎല്ലില്‍ റിയാന്‍ പരാഗിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി ഏറെ വിമര്‍ശനം കേട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ബാറ്റ് കൊണ്ട് വെടിക്കെട്ട് പുറത്തെടുക്കാനാവാത്ത താരം പന്തെറിഞ്ഞപ്പോഴൊക്കെ തല്ലുകൊണ്ട് വലഞ്ഞു. എന്നാല്‍ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എയ്‌ക്കെതിരായ ബിഗ് ഫൈനലില്‍ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റുമായി ഇന്ത്യ എയുടെ ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ് പരാഗ്. ഓപ്പണര്‍മാരായ സയീം അയൂബും(59), സഹീബ്‌സാദ ഫര്‍ഹാനും(65) അര്‍ധസെഞ്ചുറി നേടി മികച്ച തുടക്കം പാക് ടീമിന് നല്‍കിയിരുന്നു. 27 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 183-2 എന്ന ശക്തമായ സ്കോറിലായിരുന്നു പാക് എ. എന്നാല്‍ 28-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ വിക്കറ്റുമായി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു റിയാന്‍ പരാഗ്.
മൂന്നാമനായി ക്രീസിലിറങ്ങി 35 പന്തില്‍ 35 റണ്‍സ് നേടിയ ഒമൈര്‍ യൂസഫിനെ പറക്കും റിട്ടേണ്‍ ക്യാച്ചിലൂടെ പരാഗ് ആദ്യം പറഞ്ഞയച്ചു. പന്ത് നിലത്തുമുട്ടിയില്ല എന്ന് മൂന്നാം അംപയര്‍ ഉറപ്പിച്ച ശേഷമാണ് വിക്കറ്റ് അനുവദിച്ചത്. ഇതിന് ശേഷം തൊട്ടടുത്ത പന്തില്‍ ഖാസിം അക്രമിനെ ഗോള്‍ഡന്‍ ഡക്കാക്കി പരാഗ് പാക് എയ്‌ക്ക് ഇരട്ട പ്രഹരം നല്‍കി. ഖാസിമിനെ ഹര്‍ഷിത് റാണ ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ 183-2 എന്ന നിലയില്‍ നിന്ന് 183-4 എന്ന നിലയിലായി പാകിസ്ഥാന്‍ എ ഫൈനലില്‍. റിയാന്‍ പരാഗിന് വലിയ പ്രശംസയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം