തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് നേരിയ ലീഡ് മാത്രം

By Web TeamFirst Published Sep 19, 2019, 6:01 PM IST
Highlights

17 റണ്‍സിന്റെ മാത്രം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സെടുത്തിട്ടുണ്ട്.

മൈസൂര്‍: ഇന്ത്യ എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചുവരവുമായി ദക്ഷിണാഫ്രിക്ക എ ടീം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെയും വിയാന്‍ മുള്‍ഡറുടെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 417 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ദക്ഷിണാഫ്രിക്ക 400 റണ്‍സിന് ഓള്‍ ഔട്ടായി.

17 റണ്‍സിന്റെ മാത്രം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സുമായി പ്രിയങ്ക പഞ്ചാലും അഞ്ച് റണ്‍സോടെ അഭിമന്യു ഈശ്വരനും ക്രീസില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ 161 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് മാര്‍ക്രം-മുള്‍ഡര്‍ സഖ്യം തിരിച്ചടിച്ചത്.

161 റണ്‍സടിച്ച മാര്‍ക്രമിനെ സിറാജ് വീഴ്ത്തിയശേഷം ഫിലാന്‍ഡറെ(21) കൂട്ടുപിടിച്ച് മുള്‍ഡര്‍ പോരാട്ടം തുടര്‍ന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ മുള്‍ഡര്‍ 131 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 121 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഷഹബാസ് നദീം മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!