കാര്യവട്ടത്ത് കിഷന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്ക വീണ്ടും ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി

By Web TeamFirst Published Aug 31, 2019, 5:23 PM IST
Highlights

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം മത്സരം 21 ഓവറാക്കി ചുരുക്കിയിരുന്നു.

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം മത്സരം 21 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

ഒരുഘട്ടത്തില്‍ ഒമ്പത് ഓവറില്‍ മൂന്നിന് 57 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ (24 പന്തില്‍ 55) വെടിക്കെട്ട് പ്രകടനം ഇന്ത്യക്ക് തുണയായി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്. ഋതുരാജ് ഗെയ്കവാദ് (1), ശുഭ്മാന്‍ ഗില്‍ (21), അന്‍മോല്‍പ്രീത് സിങ് (30), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (13), അക്‌സര്‍ പട്ടേല്‍ (10), ദീപക് ചാഹര്‍ (0), ഷാര്‍ദുല്‍ ഠാകൂര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രുനാല്‍ പാണ്ഡ്യ (15 പന്തില്‍ 23), യൂസ്വേന്ദ്ര ചാഹല്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. 

നേരത്തെ ജോര്‍ജ് ലിന്‍ഡെയുടെ (25 പന്തില്‍ പുറത്താവാതെ 52)  തകര്‍പ്പന്‍ പ്രകടനാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ലിന്‍ഡെയുടെ ഇന്നിങ്‌സ്. തെംബ ബെവൂമ (40), ഹെന്റിച്ച് ക്ലാസന്‍ (31), ഖയ സോണ്ടോ (24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജന്നേമന്‍ മലാന്‍ (6), റീസ ഹെന്‍ഡ്രിക്‌സ് (1), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാര്‍കോ ജാന്‍സണ്‍ (5) ലിന്‍ഡെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!