ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് കലാശക്കളിയുടെ ആവേശം, മാറ്റങ്ങളുറപ്പ്; അകത്താര്? പുറത്താര്? അവസാന സാധ്യത അറിയാം

By Web TeamFirst Published Sep 25, 2022, 1:04 AM IST
Highlights

രോഹിത് ശ‍ർമ്മയെ സംബന്ധിച്ചടുത്തോളം ബൗളിംഗ് നിരയാണ് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഇന്ത്യൻ ബൗള‍ർമാർ ഇപ്പോഴും ക്ലച്ച് പിടിച്ചിട്ടില്ലെന്നതാണ് യാഥാ‍ർത്ഥ്യം. ഹര്‍ഷല്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലുമാണ് ബൗളിംഗില്‍ ഇന്ത്യയെ പ്രധാനമായും അലട്ടുന്നത്

ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് കലാശപോരാട്ടത്തിന്‍റെ ആവേശമാണ്. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ഹൈദരാബാദിൽ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ നിലംപരിശാക്കിയപ്പോൾ രണ്ടാം ടി 20 യിൽ തിരിച്ചടിച്ച് ഹിറ്റ്മാനും സംഘവും ഒപ്പമെത്തുകയായിരുന്നു. കലാശപോരാട്ടത്തിന്‍റെ ആവേശത്തിലാണ് ആരാധകരെങ്കിലും ഇരു ടീമുകളിലും ആശങ്ക ഏറെയാണ്. ആരെ കളിപ്പിക്കും ആരെ പുറത്തിരുത്തും എന്ന കാര്യത്തിൽ അവസാന മണിക്കൂറുകളിലും ചർച്ച തുടരുമെന്നുറപ്പാണ്.

ജുലന്‍ ഗോസ്വാമിക്ക് വിരോചിത യാത്രയയപ്പ്; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ തൂത്തുവാരി

രോഹിത് ശ‍ർമ്മയെ സംബന്ധിച്ചടുത്തോളം ബൗളിംഗ് നിരയാണ് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഇന്ത്യൻ ബൗള‍ർമാർ ഇപ്പോഴും ക്ലച്ച് പിടിച്ചിട്ടില്ലെന്നതാണ് യാഥാ‍ർത്ഥ്യം. ഹര്‍ഷല്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലുമാണ് ബൗളിംഗില്‍ ഇന്ത്യയെ പ്രധാനമായും അലട്ടുന്നത്. സീനിയർ ബൗള‍ർ ഭുവനേശ്വർ കുമാറിന്‍റെ കാര്യത്തിലും അവസ്ഥ ഇപ്പോൾ സമാനമാണ്. പരിക്ക് മാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയും അക്സർ പട്ടേലുമാണ് നിലവിൽ വലിയ ആശ്വാസം പകരുന്നത്. അക്സര്‍ ആദ്യ മത്സരത്തില്‍ മൂന്നും രണ്ടാം മത്സരത്തില്‍ രണ്ടും വിക്കറ്റെടുത്തിരുന്നു.

രണ്ടാം മത്സരം എട്ടോവറാക്കി ചുരുക്കിയതിനാൽ നാല് സ്പെഷലിസ്റ്റ് ബൗളര്‍മാരെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് പകരം റിഷഭ് പന്ത് ടീമിലത്തിയിരുന്നു. വിക്കറ്റ് കീപ്പറായെങ്കിലും ബാറ്റിംഗിന് പന്തിന് ഇറങ്ങേണ്ടിവന്നിരുന്നില്ല. രണ്ട് പന്തില്‍ 10 റണ്‍സുമായി അവസാന ഓവറില്‍ കളി ഫിനിഷ് ചെയ്ത ദിനേശ് കാര്‍ത്തിക് ടീമിൽ തുടരാനാണ് സാധ്യത. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയാല്‍ റിഷഭ് പന്തിന് പാഡ് കെട്ടാനാകില്ലെന്നാണ് വ്യക്തമാകുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഇതുവരെ ബൗളിംഗിൽ ഫോമിലേക്ക് ഉയരാനായിട്ടില്ല. യുസ്‌വേന്ദ്ര ചാഹലിന് പകരം മൂന്നാം മത്സരത്തിൽ ആര്‍ അശ്വിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഏഷ്യാ കപ്പിൽ കാര്യമായി തിളങ്ങാത്ത ചാഹലിന് കംഗാരുപ്പടയ്ക്കെതിരായ ആദ്യ രണ്ട് പോരാട്ടത്തിലും മെച്ചമുണ്ടാകാകനായില്ല. ഹര്‍ഷലിന് താളം കണ്ടെത്താന്‍ ഒരു മത്സരത്തില്‍ കൂടി അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഭുവനേശ്വറും ബുമ്രയും ഹര്‍ഷലുമാകും പേസ് നിരയിലുണ്ടാകുക.

കാര്യവട്ടം ട്വന്റി 20: വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരസജ്ജം, തൃപ്തി രേഖപ്പെടുത്തി ബിസിസിഐ ക്യൂറേറ്റര്‍

ബാറ്റിംഗ് നിരയിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. രോഹിത്, രാഹുല്‍, കോലി, സൂര്യകുമാര്‍ എന്നിവരടങ്ങിയ ടോപ് ഫോറ് നിലനിർത്തപ്പെടും. റിഷഭ് പന്തിനെ കരക്കിരുത്തിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ദിനേശ് കാര്‍ത്തിക് ആറാമതും അക്സര്‍ ഏഴാമതും ബാറ്റിംഗിനെത്തിയേക്കും. അശ്വിന്‍, ഭുവനേശ്വര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എന്നിവർക്കായിരിക്കും പിന്നിടുള്ള സാധ്യത.

മറുവശത്ത് ഓസ്ട്രേലിയൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ബാറ്റിംഗ് നിരയിൽ കാമറൂൺ ഗ്രീൻ ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തി. വെടിക്കെട്ടുവീരൻ മാക്സ് വെൽ താളം കണ്ടെത്താത്തതാണ് കംഗാരുക്കളുടെ പ്രധാന പ്രശ്നം. ടി 20 യിൽ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടിം ഡേവിഡും നിരാശപ്പെടുത്തുകയായിരുന്നു. മാത്യൂ വെയിഡ് രക്ഷകന്‍റെ റോളിൽ തിളങ്ങുന്നതും നായകൻ ആരോൺ ഫിഞ്ച് തുടക്കത്തിൽ വമ്പനടികൾ സമ്മാനിക്കുന്നതും വലിയ ആശ്വാസമാണ്. ബൗളിംഗിലാകട്ടെ ആദം സാംബയാണ് ഓസ്ട്രേലിയ്ക്ക് പ്രതീക്ഷ സമ്മാനിക്കുന്ന പ്രകടനം കഴിഞ്ഞ കളിയിൽ പുറത്തെടുത്തത്. ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസും ജോസ് ഹെയ്സൽവുഡും ഒഴികെയുള്ളവർ അന്തിമ ഇലവനിൽ ഇടം കണ്ടെത്തുമോയെന്ന് കണ്ടറിയണം.

click me!