സഞ്ജു നിരാശപ്പെടുത്തി, അഭിഷേകിന്റെ വെടിക്കെട്ട്; അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

Published : Sep 13, 2026, 10:32 PM IST
Abhishek Sharma

Synopsis

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 32 പന്തിൽ 82 റൺസെടുത്ത അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 157 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 32 പന്തില്‍ 82 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (33 പന്തില്‍ 42) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാനെ 44 പന്തില്‍ പുറത്താവാതെ 64 റണ്‍സെടുത്ത അസ്മതുള്ള ഒമര്‍സായാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് നബി 33 റണ്‍സെടുത്തു. എട്ട് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് നഷ്ടമായി. അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

സഞ്ജു സാംസണിന്റെ (10) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ മൂന്നാം ഓവറില്‍ അസ്മതുള്ള ഒമര്‍സായിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്താവുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന അഭിഷേക് - കിഷന്‍ സഖ്യം 53 പന്തില്‍ 121 റണ്‍സ് അടിച്ചെടുത്തു. ഇതുതന്നെയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. അഭിഷേക് 11-ാം ഓവറില്‍ പുറത്തായി. മുഹമ്മദ് നബിക്കായിരുന്നു വിക്കറ്റ്. ഏഴ് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തന്റെ തൊട്ടടുത്ത ഓവറില്‍ കിഷനേയും നബി മടക്കി. കിഷന്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി. ഇരുവരും പുറത്തായെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (8), തിലക് വര്‍മ (4) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, തകര്‍ച്ചയോടെയായിരുന്നു അഫ്ഗാന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവര്‍ അഞ്ചിന് 43 എന്ന നിലയിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ (0) ബുമ്ര മടക്കിയിരുന്നു. നാലാം ഓവറില്‍ ഇബ്രാഹിം സദ്രാന്‍ (11) റണ്ണൗട്ടായി. ആറാം ഓവറില്‍ ഗുല്‍ബാദിന്‍ നെയ്ബും (2), ഡാര്‍വിഷ് റസൂലി (2)യും മടങ്ങി. പിന്നീട് ഒമര്‍സായ് - നബി സഖ്യം 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 17-ാം ഓവറില്‍ നബി മടങ്ങി. തുടര്‍ന്നെത്തിയ റാഷിദ് ഖാന്‍ (1), നൂര്‍ അഹമ്മദ് (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. മുജീബ് ഉര്‍ റഹ്മാന്‍ (9), ഒമര്‍സായിക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

അഫ്ഗാനിസ്ഥാന്‍: ഇബ്രഹീം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുല്ല അട്ടല്‍, ദര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിച്ചു
ഒമര്‍സായിക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍