ലോര്‍ഡ്‌സില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റില്‍ 270 റണ്‍സ് ജയം

Published : Jul 13, 2026, 05:48 PM IST
Indian Womens Cricket

Synopsis

ലോര്‍ഡ്‌സില്‍ നടന്ന ഏക ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം ചരിത്ര വിജയം നേടി. യാസ്തിക ഭാട്ടിയയുടെ സെഞ്ച്വറിയും ക്രാന്തി ഗൗഡിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഈ വിജയത്തോടെ ലോര്‍ഡ്‌സില്‍ ടെസ്റ്റ് വിജയിക്കുന്ന ആദ്യ വനിതാ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്തിന്റെ ചരിത്രത്താളുകളില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത് ഹര്‍മന്‍പ്രീത് കൗറും സംഘവും. ലോര്‍ഡ്സില്‍ നടന്ന ഏക വനിതാ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം ചരിത്രവിജയം സ്വന്തമാക്കി. അവസാന ദിവസം എല്ലാ വിക്കറ്റുകളും വീഴ്ത്തിയാണ് ഇന്ത്യ ലോര്‍ഡ്സില്‍ ടെസ്റ്റ് വിജയിക്കുന്ന ആദ്യ വനിതാ ടീമെന്ന നേട്ടം സ്വന്തമാക്കിയത്.

ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം

ആദ്യ ഇന്നിംഗ്‌സില്‍ സ്മൃതി മന്ദാനയുടെ (83) കരുത്തുറ്റ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച അടിത്തറയൊരുക്കിയത്. ഹര്‍മന്‍പ്രീത് കൗര്‍ (58), ദീപ്തി ശര്‍മ്മ (57) എന്നിവരും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 285 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ 170 റണ്‍സിന് ചുരുട്ടിക്കെട്ടിയത് 22-കാരിയായ പേസര്‍ ക്രാന്തി ഗൗഡിന്റെ മാന്ത്രിക സ്‌പെല്ലായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ തകര്‍ത്ത ക്രാന്തി മത്സരത്തില്‍ ഇന്ത്യയ്ക്ക് 115 റണ്‍സിന്റെ നിര്‍ണ്ണായക ലീഡ് സമ്മാനിച്ചു.

ചരിത്രമെഴുതി യാസ്തിക ഭാട്ടിയ

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി യാസ്തിക ഭാട്ടിയ നടത്തിയ പ്രകടനം ലോര്‍ഡ്സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോര്‍ഡ്സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമായി യാസ്തിക മാറി. 113 റണ്‍സെടുത്ത യാസ്തികയും മന്ദാനയും (70), റിച്ചാ ഘോഷും (50) ചേര്‍ന്നതോടെ ഇന്ത്യയുടെ ലീഡ് 457 റണ്‍സിലെത്തി. 457 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നു. സ്പിന്നര്‍ സ്‌നേഹ റാണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു. എമി ജോണ്‍സ് നടത്തിയ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇംഗ്ലണ്ടിന് അല്പമെങ്കിലും ആശ്വാസമായത്.

ഇംഗ്ലണ്ടിലെ അപരാജിത കുതിപ്പ്

ഈ വിജയത്തോടെ ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ തങ്ങളുടെ അപരാജിത കുതിപ്പ് ഇന്ത്യ തുടരുകയാണ്. ഇംഗ്ലണ്ടില്‍ കളിച്ച 10 ടെസ്റ്റ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാനും ഏഴെണ്ണം സമനിലയില്‍ പിടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ ഇന്ത്യ നേടുന്ന നാലാമത്തെ വിജയമാണിത്. ഐസിസി ചെയര്‍മാന്‍ ജയ് ഷായും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നേരിട്ടെത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ ഈ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിച്ച ഉടന്‍ തന്നെ മൈതാനത്തിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ താരങ്ങളെ നേരിട്ടെത്തി അഭിനന്ദിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുന്‍ പരിശീലകനെ തിരിച്ചെത്തിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം; എന്നാല്‍ ആര്‍സിബിയുടെ സമ്മതം വേണം, തീരുമാനം വൈകാതെ
'നദാലിന്റേയും ഫെഡററുടേയും കളി കണ്ട് വളര്‍ന്നു, ഇപ്പോള്‍ ജോക്കോവിച്ചും'; വിംബിള്‍ഡണ്‍ വേദിയില്‍ സഞ്ജു സാംസണ്‍