പുതുവര്‍ഷത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ലങ്കയെ വീഴ്ത്തിയത് ഏഴ് വിക്കറ്റിന്

By Web TeamFirst Published Jan 7, 2020, 10:21 PM IST
Highlights

ടീമിലേക്ക് തിരിച്ചെത്തിയ ശീഖര്‍ ധവാനും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 9.1 ഓവറില്‍ 71 റണ്‍സ് അടിച്ചുകൂട്ടി വിജയത്തിന് അടിത്തറയിട്ടു. രാഹുലിനെയും ധവാനെയും(32) ഹസരങ്ക മടക്കിയെങ്കിലും വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യരും(34) കോലിയും(30 നോട്ടൗട്ട്) ചേര്‍ന്ന് വിജയം അനായാസമാക്കി.

ഇന്‍ഡോര്‍: ബാറ്റിംഗ് പറുദീസയാവുമെന്ന് കരുതിയ ഇന്‍ഡോറിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ലങ്കക്കെതിരെ പുതുവര്‍ഷത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15 പന്ത് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 30 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലി വിജയത്തില്‍ അമരക്കാരനായപ്പോള്‍ 32 പന്തില്‍ 45 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 142/9, ഇന്ത്യ 17.3 ഓവറില്‍ 143/3.

ടീമിലേക്ക് തിരിച്ചെത്തിയ ശീഖര്‍ ധവാനും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 9.1 ഓവറില്‍ 71 റണ്‍സ് അടിച്ചുകൂട്ടി വിജയത്തിന് അടിത്തറയിട്ടു. രാഹുലിനെയും ധവാനെയും(32) ഹസരങ്ക മടക്കിയെങ്കിലും വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യരും(34) കോലിയും(30 നോട്ടൗട്ട്) ചേര്‍ന്ന് വിജയം അനായാസമാക്കി. ഒരു റണ്ണുമായി ഋഷഭ് പന്ത് കോലിക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. 34 റണ്‍സടിച്ച കുശാല്‍ പേരെരേയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ ധനുഷ്ക ഗുണതിലകയും അവിഷ്ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് 4.5 ഓവറില്‍ 38 റണ്‍സടിച്ച് ലങ്കക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാല്‍ അഞ്ചാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ അഞ്ചാം പന്തില്‍ ഫെര്‍ണാണ്ടോയെ മിഡ് ഓഫില്‍ നവദീപ് സെയ്നിയുടെ കൈകകളിലെത്തിച്ച് ലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചു.

സ്കോര്‍ ബോര്‍ഡില്‍ 54 റണ്‍സെത്തിയപ്പോള്‍ യോര്‍ക്കറില്‍ ഗുണതിലകയുടെ വിക്കറ്റ് തെറിപ്പിച്ച് നവദീപ് സെയ്നി ലങ്കയെ പ്രതിരോധത്തിലാക്കി. കുശാല്‍ പേരെരയും ഓഷാന ഫെര്‍മാണ്ടോയും(10) ചേര്‍ന്ന് ലങ്കയെ കരകയറ്റുമെന്ന് കരതുതിയെങ്കിലും ഇരുവരെയും വീഴ്ത്തി കുല്‍ദീപ് യാദവ് ലങ്കയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.

ധനഞ്ജയ ഡിസില്‍വയും(17), വാനിന്ദു ഹസരംഗയും(16) ചേര്‍ന്ന് നടത്തിയ പോരാട്ടം ലങ്കയെ 100 കടത്തിയെങ്കിലും പേസര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനായില്ല. ഇന്ത്യക്കായി ശര്‍ദ്ദുല്‍ ഠാക്കൂര്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും നവദീപ് സെയ്നിയും രണ്ടും ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

click me!