
ഇന്‍ഡോര്‍: ബാറ്റിംഗ് പറുദീസയാവുമെന്ന് കരുതിയ ഇന്‍ഡോറിലെ പിച്ചില്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സടിച്ചു. 34 റണ്‍സടിച്ച കുശാല്‍ പേരെരേയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
ഓപ്പണിംഗ് വിക്കറ്റില്‍ ധനുഷ്ക ഗുണതിലകയും അവിഷ്ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് 4.5 ഓവറില്‍ 38 റണ്‍സടിച്ച് ലങ്കക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. എന്നാല്‍ അഞ്ചാം ഓവര്‍ എറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ അഞ്ചാം പന്തില്‍ ഫെര്‍ണാണ്ടോയെ മിഡ് ഓഫില്‍ നവദീപ് സെയ്നിയുടെ കൈകകളിലെത്തിച്ച് ലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചു. സ്കോര്‍ ബോര്‍ഡില്‍ 54 റണ്‍സെത്തിയപ്പോള്‍ യോര്‍ക്കറില്‍ ഗുണതിലകയുടെ വിക്കറ്റ് തെറിപ്പിച്ച് നവദീപ് സെയ്നി ലങ്കയെ പ്രതിരോധത്തിലാക്കി. കുശാല്‍ പേരെരയും ഓഷാന ഫെര്‍ണാണ്ടോയും(10) ചേര്‍ന്ന് ലങ്കയെ കരകയറ്റുമെന്ന് കരുതിയെങ്കിലും ഇരുവരെയും വീഴ്ത്തി കുല്‍ദീപ് യാദവ് ലങ്കയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.
ധനഞ്ജയ ഡിസില്‍വയും(17), വാനിന്ദു ഹസരംഗയും(16) ചേര്‍ന്ന് നടത്തിയ പോരാട്ടം ലങ്കയെ 100 കടത്തിയെങ്കിലും പേസര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ ലങ്കയ്ക്ക് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനായില്ല. ഇന്ത്യക്കായി ശര്‍ദ്ദുല്‍ ഠാക്കൂര്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും നവദീപ് സെയ്നിയും രണ്ടും ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.
മഴ മൂലം ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ആദ്യമത്സരത്തിലെ ടീമില്‍ ഇരു ടീമുകളും മാറ്റമൊന്നും വരുത്തിയിട്ടില്ല. ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!