ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

Published : Oct 03, 2026, 02:01 PM IST
Asian Games 2026 Cricket Final India Smash 211 Against Pakistan

Synopsis

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമയുടെയും തിലക് വർമയുടെയും മികവിൽ 211 റൺസ് നേടി. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് 192 റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.

ടോക്കിയോ: പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മയാണ് (28 പന്തില്‍ 61) മികച്ച പ്രകടനം പുറത്തെടുത്ത്. തിലക് വര്‍മയുടെ (22 പന്തില്‍ പുറത്താവാതെ 51) ഇന്നിംഗ്‌സും ഏറെ നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി അറാഫത്ത് മിന്‍ഹാസ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹസന്‍ നവാസ് (46 പന്തില്‍ 91) തിളങ്ങിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് താരത്തിന് പിന്തുണയൊന്നും ലഭിച്ചില്ല. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നവാസിന് പുറമെ സെയിം അയൂബ് (29), മാസ് സദാഖത് (23), സാഹിബ്‌സാദ ഫര്‍ഹാന്‍ (10) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ഉസ്മാന്‍ ഖാന്‍ (3), അബ്ദുള്‍ സമദ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാദ് മസൂദ് (12) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 39 എന്ന നിലയിലായ പാകിസ്ഥാന് ആശ്വാസമായത് നവാസിന്റെ ഇന്നിംഗ്‌സാണ്. നവാസ്-അയൂബ് സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്ത് ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് ഭീഷണിയായിരുന്നു. എന്നാല്‍ അയൂബിനെ, ദുബെ പുറത്താക്കിയത് വഴിത്തിരിവായി. മത്സരത്തിലെ അവസാന പന്തില്‍ നവാസ് മടങ്ങിയതോടെ അദ്ദേഹത്തിന് സെഞ്ചുറി പൂര്‍ത്തിയാക്കാനും സാധിച്ചില്ല. ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. വൈഭവ് സൂര്യവംശിയും (15) അഭിഷേകും ഒന്നാം വിക്കറ്റില്‍ 28 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ വൈഭവ് മടങ്ങി. സെയിം അയൂബിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. തുടര്‍ന്നെത്തിയ സഞ്ജു സാംസണ് (2) നാല് പന്ത് മാത്രമായിരുന്നു ആയുസ്. അഹമ്മദ് ഡാനിയേലിന്റെ പേസിന് മുന്നില്‍ സഞ്ജുവിന് പിഴയ്ക്കുകയായിരുന്നു. ഒരു ബൗണ്‍സര്‍ ലോംഗ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ച സഞ്ജു മിഡ് ഓണില്‍ ക്യാച്ച് നല്‍കി മടങ്ങി.

ഇതിനിടെ അഭിഷേക് അടി തുടര്‍ന്നു. ശ്രേയസ് അയ്യര്‍ക്കൊപ്പം (24 പന്തില്‍ 21) 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അഭിഷേകിന് സാധിച്ചു. എട്ടാം ഓവറില്‍ പുറത്താവുമ്പോള്‍ ഏഴ് സിക്‌സും മൂന്ന് ഫോറും അഭിഷേകിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ശ്രേയസും ഇഷാന്‍ കിഷനും (18 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി. ഇരുവരും മടങ്ങിയ ശേഷം തിലക്, ശിവം ദുബെ (15 പന്തില്‍ 27) എന്നിവര്‍ സ്‌കോര്‍ 200 കടത്തുകയായിരുന്നു. സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീടെത്തിയ അക്‌സര്‍ പട്ടേല്‍ (1) തിലകിനൊപ്പം പുറത്താവാതെ നിന്നു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്.

പാകിസ്ഥാന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍ (ക്യാപ്റ്റന്‍), മാസ് സദാഖത്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), സെയിം അയൂബ്, ഹസന്‍ നവാസ്, അബ്ദുല്‍ സമദ്, അറഫാത്ത് മിന്‍ഹാസ്, അഹമ്മദ് ദാനിയാല്‍, സാദ് മസൂദ്, അബ്രാര്‍ അഹമ്മദ്, സുഫ്യാന്‍ മുഖീം.

ഇന്ത്യ: വൈഭവ് സൂര്‍യവംശി, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ക്രിക്കറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ഉദ്ഘാടനം മന്ത്രി റോജി എം ജോണ്‍ നിര്‍വഹിച്ചു
തകര്‍ത്താടി അഭിഷേകും തിലകും, സഞ്ജു നിരാശപ്പെടുത്തി; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല