
ചെന്നൈ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ മികച്ച ടീമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ഓവര്‍ റേറ്റഡാണെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ ടീം മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിന്‍റെ പ്രകടനം നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് ടെസ്റ്റ് ടീമില്‍ പലപ്പോഴും ഇടം ലഭിക്കുന്നില്ലെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീം ശരിക്കും ഓവർ റേറ്റഡ് ആണ്. 2-3 വർഷം മുമ്പ് വിരാട് കോലി ക്യാപ്റ്റനായിരുന്ന കാലത്ത് ടെസ്റ്റില്‍ നമ്മള്‍ മികച്ചവരുടെ സംഘമായിരുന്നു. ഇംഗ്ലണ്ടിൽ ആധിപത്യം പുലർത്താനും ദക്ഷിണാഫ്രിക്കയിൽ ശക്തമായി പൊരുതാനും ഓസ്‌ട്രേലിയയിൽ പരമ്പര നേടാനും നമുക്കായി. ടി20 ക്രിക്കറ്റിലും സമാനമായ അവസ്ഥയാണ്.
എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ ഐസിസി ടൂര്‍ണമെന്‍റുകളുടെ സെമി ഫൈനലിലും ഫൈനലിലും തോല്‍ക്കുന്നുണ്ടെങ്കിലും നമ്മൾ മികച്ച ടീമാണെന്നതില്‍ തര്‍ക്കമില്ല. ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് നമ്മള്‍ തോറ്റത്. അത് പക്ഷെ ഫൈനലിലായിപ്പോയി. ഫൈനലുകള്‍ ജയിക്കണമെങ്കില്‍ ഭാഗ്യവും വലിയ ഘടകമാണ്. എകദിന ക്രിക്കറ്റില്‍ എവിടെ കളിച്ചാലും ഇന്ത്യ കരുത്തരാണ്. പക്ഷെ ടി20, ടെസ്റ്റ് ക്രിക്കറ്റുകളുടെ കാര്യമെടുത്താല്‍ ഇത് അങ്ങനെ അല്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്‍റെ പ്രതികരണം. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും സമ്പൂര്‍ണമായി പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ ഇന്നിംഗ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. നാളെ കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ഈ മത്സരം തോറ്റാല്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!