'ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനിക്കാന്‍ പഠിക്ക്'; ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

By Web TeamFirst Published Sep 14, 2021, 1:19 PM IST
Highlights

ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം പോള്‍ ന്യൂമാനും ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനോട് ബഹുമാനം കാണിച്ചില്ലെന്നാണ് ന്യൂമാന്റെ പ്രധാന ആരോപണം.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇന്നലെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗോവര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ ബിസിസിഐക്ക് സന്ദേശമയച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സന്ദേശത്തില്‍ ടീമിനകത്തെ സാഹചര്യങ്ങളെ കുറിച്ച് കോലി വിവരിക്കുന്നുണ്ടായിരുന്നുവെന്നും ഗോവര്‍ പറയുന്നു. നേരത്തെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും ഇന്ത്യക്കെതിരെ തിരിഞ്ഞു. 

ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം പോള്‍ ന്യൂമാനും ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനോട് ബഹുമാനം കാണിച്ചില്ലെന്നാണ് ന്യൂമാന്റെ പ്രധാന ആരോപണം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനമാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് മാറ്റിവെക്കാന്‍ തന്നെ കാരണമായത്. 150 അടുത്ത് അളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്.

കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായാല്‍ കളിക്കാമെന്നുള്ളതാണ് എല്ലാ രാജ്യങ്ങളും പിന്തുടര്‍ന്ന് പോരുന്നത്. ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. എന്നിട്ടും അവര്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് പിന്മാറി. ടെസ്റ്റ് ക്രിക്കറ്റിനെ അവര്‍ ബഹുമാനിക്കുന്നില്ലെന്നുള്ളതിന് മറ്റെന്ത് തെളിവാണ് വേണ്ടത്..? ഓവല്‍ ടെസ്റ്റിന് മുമ്പെ അവര്‍ രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി. ഇന്ത്യക്ക് കളിക്കാന്‍ താല്‍പര്യമില്ലെന്ന്് തന്നെയല്ലേ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.?'' ന്യൂമാന്‍ ചോദിച്ചു.

ഐപിഎല്ലിന്റെ രണ്ടാംപാതി കളിക്കാനാണ് താരങ്ങള്‍ നേരത്തെ പുറപ്പെട്ടതെന്നും ന്യൂമാന്‍ ആരോപിച്ചു. ''ഐപിഎല്‍ കരാറുള്ള ഒരു താരവും ഇംഗ്ലണ്ടില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ ടെസ്റ്റ് അവസാനിച്ച ശേഷം കൊവിഡ് ഫലം പോസിറ്റീവായാല്‍ 10 ദിവസം കൂടി ഇംഗ്ലണ്ടില്‍ കഴിയേണ്ടിവരും. അങ്ങനെ വന്നാല്‍ 19ന് പുനരാരംഭിക്കുന്ന ഐപിഎല്ലിന്റെ ഭാഗമാവാന്‍ കഴിയില്ല. ഇതൊഴിവാക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ പുറപ്പെട്ടത്.'' ന്യൂമാന്‍ വ്യക്തമാക്കി.

''കോവിഡ് പരിശോധനാ ഫലം വന്നതിന് ശേഷവും അവര്‍ കളിക്കാതിരുന്നതിന് വേറെ കാരണമില്ല. യോഗേഷ് പര്‍മാറിന്റെ ഫലം പോസിറ്റീവായതോടെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോവാനാണ് ഇന്ത്യന്‍ കളിക്കാര്‍ ആഗ്രഹിച്ചത്. കഴിഞ്ഞ 18 മാസമായി മത്സരങ്ങള്‍ ട്രാക്കിലാക്കാന്‍ ശ്രമിക്കുന്ന ഇസിബിയെ പ്രകോപിപ്പിക്കുന്നതാണ് ഈ നീക്കങ്ങള്‍.'' ന്യൂമാന്‍ ആരോപിച്ചു.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. ബൗളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും കോവിഡ് പോസിറ്റീവായി. പിന്നാലെ ടെസ്റ്റ് റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കി.

click me!