തലങ്ങും വിലങ്ങും സിക്സറുകള്‍; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ പിറന്നത് പുതിയ റെക്കോര്‍ഡ്

By Web TeamFirst Published Mar 29, 2021, 8:53 AM IST
Highlights

മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ ചേർന്ന് 70 സിക്സറാണ് പറത്തിയത്. 2019ൽ ന്യുസിലൻഡ്, ശ്രീലങ്ക താരങ്ങൾ മൂന്ന് കളിയിൽ നേടിയ 57 സിക്സറുകളുടെ റെക്കോർഡാണ് ഇന്നലെ തകർന്നത്. 

പുനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ പുതിയൊരു റെക്കോർഡ് കൂടി. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ ചേർന്ന് 70 സിക്സറാണ് പറത്തിയത്. 2019ൽ ന്യുസീലൻഡ്, ശ്രീലങ്ക താരങ്ങൾ മൂന്ന് കളിയിൽ നേടിയ 57 സിക്സറുകളുടെ റെക്കോർഡാണ് ഇന്നലെ തകർന്നത്. 

മൂന്നാം ഏകദിനത്തിൽ മാത്രം ഇന്ത്യ 11 സിക്സറും ഇംഗ്ലണ്ട് ഏഴും സിക്സർ പറത്തി. റിഷഭ് പന്തും ഹാർദിക് പണ്ഡ്യയും നാല് സിക്സർ വീതം നേടിയപ്പോൾ സാം കറൺ മൂന്ന് സിക്സറും നേടി.

നിർണായകമായ അവസാന ഏകദിനത്തില്‍ ഏഴ് റണ്ണിന് വിജയിച്ച് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 9 വിക്കറ്റിന് 322 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 

സാം കറൺ പുറത്താവാതെ 95 റൺസെടുത്തെങ്കിലും ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. ബെൻ സ്റ്റോക്സ് 35ഉം ഡേവിഡ് മലാൻ 50ഉം ജോസ് ബട്‍ലർ 15ഉം ലയം ലിവിംഗ്സ്റ്റൺ 36ഉം റൺസിന് പുറത്തായി. ഷർദുൽ താക്കൂർ നാലും ഭുവനേശ്വർ കുമാർ മൂന്നും ടി. നടരാജൻ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് പുറത്തായി. 78 റൺസെടുത്ത റിഷഭ് പന്താണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കോലിയും കെ എൽ രാഹുലും ഏഴ് റൺസ് വീതമെടുത്ത് പുറത്തായി. രോഹിത് ശർമ്മ 37ഉം ശിഖർ ധവാൻ 67ഉം ഹാർദിക് പാണ്ഡ്യ 64ഉം ക്രുനാൽ പാണ്ഡ്യ 25ഉം ഷർദുൽ താക്കൂർ 30ഉം റൺസെടുത്തു. മാർക് വുഡ് മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടി. സാം കറണാണ് മാൻ ഓഫ് ദ മാച്ച്, ജോണി ബെയ്ർസ്റ്റോ മാൻ ഓഫ് ദ സീരീസും.
 

click me!