തകര്‍ത്തടിച്ച് ഇഷാനും കോലിയും; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം

By Web TeamFirst Published Mar 14, 2021, 9:38 PM IST
Highlights

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാഹുല്‍ നിരാശപ്പെടുത്തി. കറന്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.
 

അഹമ്മദാബാദ്: രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്‍തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. മൊട്ടേറ സ്റ്റേഡിയത്തില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലിന്റെ (0) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സാം കറനാണ് വിക്കറ്റ്. അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍ (34), ക്യാപ്റ്റന്‍ വിരാട് കോലി (31) എന്നിവരാണ് ക്രീസില്‍.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാഹുല്‍ നിരാശപ്പെടുത്തി. കറന്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. പിന്നാലെ കോലി ക്രീസിലേക്ക്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുന്ന ഇഷാന്‍ ഇതുവരെ നാല് ബൗണ്ടറിയും രണ്ട് സിക്‌സും നേടിയിട്ടുണ്ട്. കോലി മൂന്ന് ഫോറും ഒരു സിക്സും കണ്ടെത്തി. നേരത്തെ കോലി നല്‍കിയ ഒരവസരം ബട്‌ലര്‍ നഷ്ടപ്പെടുത്തിയിരുന്നു. 

നേരത്തെ ജേസണ്‍ റോയ് (46) പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്.  വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോസ് ബട്‌ലറെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

മൂന്നാമനായി ക്രീസിലെത്തിയ ഡേവിഡ് മലാന്‍ (24) റോയ്‌ക്കൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. ഇരുവുരം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോയും (20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനെ റോയ് പവലിയനില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദറിന് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.  

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (28), ബെന്‍ സ്‌റ്റോക്‌സ് (24) എന്നിവര്‍ അവസാന ഓവറുകളില്‍ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. സാം കറന്‍ (6), ക്രിസ് ജോര്‍ദാന്‍ പുറത്താവാതെ നിന്നു. സുന്ദര്‍, താക്കൂര്‍ എന്നിവര്‍ക്ക് പുറമെ ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. 

മോശം ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്‍ പുറത്തായി. ധവാന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും സ്ഥാനം നഷ്ടമായി. സൂര്യകുമാര്‍ യാദവാണ് പകരം വന്നത്. ഇരുവര്‍ക്കും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റമാണ്. രണ്ട് താരങ്ങള്‍ക്കും ക്യാപ്റ്റന്‍ വിരാട് കോലി തൊപ്പി കൈമാറി.

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍. 

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്.

click me!