തിരിച്ചടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; ഓസീസിന്റെ പ്രതീക്ഷ ഇനി മാക്‌സ്‌വെല്‍- ക്യാരി സഖ്യത്തില്‍

By Web TeamFirst Published Dec 2, 2020, 3:40 PM IST
Highlights

ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ ലബുഷാനെയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ചോദിച്ചുവാങ്ങിയ ഓപ്പണിംഗ് സ്ഥാനത്ത് ലബുഷാനെയ്ക്ക തിളങ്ങാനായില്ല.

കാന്‍ബറ: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 35 ഓവറില്‍ അഞ്ചിന് 183 എന്ന നിലയിലാണ്. അലക്‌സ് ക്യാരി (33), ഗ്ലെന്‍ മാക്‌സ്‌വെല്‍ (6) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (59), മര്‍നസ് ലബുഷാനെ (7), സ്റ്റീവന്‍ സ്മിത്ത് (7), മൊയ്‌സസ് എന്റിക്വെസ് (22), കാമറൂണ്‍ ഗ്രീന്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഷാര്‍ദുള്‍ താക്കൂര്‍ രണ്ട് വിക്കറ്റെടുത്തു.

ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ ലബുഷാനെയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ചോദിച്ചുവാങ്ങിയ ഓപ്പണിംഗ് സ്ഥാനത്ത് ലബുഷാനെയ്ക്ക തിളങ്ങാനായില്ല. അരങ്ങേറ്റക്കാരന്‍ ടി നടരാജന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ലബുഷാനെ മടങ്ങിയത്. പിന്നീടെത്തിയത് സ്റ്റീവന്‍ സ്മിത്ത്. ആദ്യ രണ്ട് ഏകദിനത്തിലും സെഞ്ചുറി നേടിയ സ്മിത്തിന് ഇത്തവണ തിളങ്ങാനായില്ല. ഏഴ് റണ്‍സ് മാത്രം നേടിയ സ്മിത്തിനെ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഷാര്‍ദുള്‍ താക്കൂറിന്റെ കൈകളിലെത്തിച്ചു.

സ്ഥാനക്കയറ്റം നേടിയെത്തിയ ഹെന്റ്വികെസിനും തിളങ്ങാനായില്ല. താക്കൂറിനെതിരെ ഒരു പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനെ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീന്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും കുല്‍ദീപ് യാദവിന് വിക്കറ്ര് നല്‍കി പവലിയനില്‍ തിരിച്ചെത്തി. ഇതിനിടെ ഫിഞ്ചിനെ ജഡേജയും മടക്കി. 82 പന്തുകള്‍ നേരിട്ടാണ് താരം 75 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. താക്കൂറിന് പുറമെ നടരാജന്‍, കുല്‍ദീപ്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ജഡേജ- ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാണ്ഡ്യ 75 പന്തുകളില്‍ നിന്ന് 90 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ജഡേജ 50 പന്തിലാണ് 66 റണ്‍സെടുത്തത്. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിഹ്‌സ്. മുന്‍നിര താരങ്ങളില്‍ കോലി മാത്രമാണ് പിടിച്ചുനിന്നത്. 78 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 63 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുട ഇന്നിങ്‌സ്.

എന്നാല്‍ മറ്റുതാരങ്ങള്‍ക്കൊന്നും ചെറുത്തുനില്‍ക്കാനായില്ല. ശിഖര്‍ ധവാന്‍ (16), ശുഭ്മാന്‍ ഗില്‍ (33), ശ്രേയസ് അയ്യര്‍ (19), കെ എല്‍ രാഹുല്‍ (5) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സീന്‍ അബോട്ടിന്റെ പന്തില്‍ അഷ്ടണ്‍ അഗറിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീടെത്തിയ കോലി ഗില്ലിനൊപ്പം ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അഗറിനെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ഗില്‍ പവലിയനില്‍ തിരിച്ചെത്തി. സ്വീപ്പ് ഷോട്ടിന് ശ്രമിക്കുന്നതിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഗില്‍ ഇത്രയും റണ്‍സെടുത്തത്.

അയ്യറിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. മികച്ച തുടക്കം കിട്ടിയെങ്കിലും ആഡം സാംപയുടെ പന്തില്‍ മര്‍നസ് ലബുഷാനെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രാഹുല്‍ വന്നത്  പോലെ മടങ്ങി. അഗറിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ താരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം കോലിലും മടങ്ങി. 77 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി 63 റണ്‍സെടുത്തത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു കോലി.

നേരത്തെ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം പ്ലയിംഗ് ഇലവനില്‍ തിരിച്ചെത്തി. മായങ്ക് അഗര്‍വാളിന് പകരമായിട്ടാണ് ഗില്‍ എത്തുന്നത്. ഐപിഎല്‍ സെന്‍സേഷന്‍ ടി നടരാജനും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറും. മുഹമ്മദ് ഷമിക്ക് പകരമാണ് നടരാജനെത്തുന്നത്. മോശം ഫോമില്‍ കളിക്കുന്ന നവ്ദീപ് സൈനിക്ക് പകരം ഷാര്‍ദുള്‍ താക്കൂര്‍ ടീമിലെത്തി. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും പുറത്തായി. കുല്‍ദീപ് യാദവാണ് ടീമിലെത്തിയത്. ഓസീസ് ടീമിലും മാറ്റങ്ങളുണട്്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കളിക്കുന്നില്ല. സീന്‍ അബോട്ട്, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍ എന്നിവര്‍ ടീമിലെത്തി. വാര്‍ണര്‍ക്ക് പകരം മര്‍നസ് ലബുഷാനെ ഓപ്പണ്‍ ചെയ്യും.
 

click me!