ഇന്ത്യ വാതുവെപ്പുകാരുടെ സ്വര്‍ഗമെന്ന് മുന്‍ പാക് താരം

By Web TeamFirst Published May 7, 2020, 5:51 PM IST
Highlights

ക്രിക്കറ്റിലെ വാതുവെപ്പ് മാഫിയയുടെ വേരുകള്‍ താഴെതട്ട് മുതലുണ്ട്. ഒരിക്കല്‍ അതില്‍പെട്ടുപോയാല്‍ പിന്നെ ഒറു തിരിച്ചുപോക്കില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട് നിരവധി കളിക്കാര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്ര വാതുവെപ്പുകാരെ ഇതുവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാലോചിക്കണം.

കറാച്ചി: ക്രിക്കറ്റിലെ വാതുവെപ്പുകാരുടെ സ്വര്‍ഗമാണ് ഇന്ത്യയെന്ന് മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ്. ഐപിഎല്ലിലും വാതുവെപ്പുകളെക്കുറിച്ച് ചോദ്യമുയര്‍ന്നിട്ടുണ്ട്. വാതുവെപ്പ് മാഫിയയുടെ സ്വര്‍ഗമാണ് ഇന്ത്യയെന്നാണ് എനിക്ക് തോന്നുന്നത്. വാതുവെപ്പുകാര്‍ക്കെതിരെ നിലപാടെടുത്തതിനാലാണ് തനിക്ക് പാക് ടീമില്‍ തിരിച്ചെത്താന്‍ കഴിയാതെ പോയതെന്നും ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്വിബ് ജാവേദ് പറഞ്ഞു.

എന്റെ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചത്. ഞാന്‍ വാതുവെപ്പുകാര്‍ക്കെതിരെ സംസാരിച്ചു എന്നതാണ് അതിന് കാരണം. പാക് ടീം അംഗങ്ങളായ വസീം അക്രത്തിനും സലീം മാലിക്കിനും വഖാര്‍ യൂനിസിനും വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിന് എനിക്ക് വധഭീഷണിവരെയുണ്ടായി. വെട്ടിനുറുക്കുമെന്നായിരുന്നു ഭീഷണി. വാതുവെപ്പിനും വാതുവെപ്പുകാര്‍ക്കുമെതിരെ  നിലപാടെടുത്താല്‍ കരിയറില്‍ നിങ്ങള്‍ക്ക് ഒരു പരിധിവരെയെ ഉയരാന്‍ കഴിയൂ. അതുകൊണ്ടാണ് തനിക്ക് പാക് ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ കഴിയാതെ പോയതെന്നും അക്വിബ് ജാവേദ് പറഞ്ഞു.

Also Read: വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചു; പാക് യുവതാരത്തിന് മൂന്ന് വര്‍ഷ വിലക്ക്

വാതുവെപ്പിന് വിലക്ക് നേരിട്ട മുഹമ്മദ് ആമിറിന് പാക് ടീമില്‍ തിരിച്ചെത്താന്‍ അവസരം നല്‍കിയതിനെയും അക്വിബ് ജാവേദ് വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ വാതുവെപ്പ് പ്രോത്സാഹിപ്പിക്കുകയേ ഉള്ളു. ക്രിക്കറ്റിലെ വാതുവെപ്പ് മാഫിയയുടെ വേരുകള്‍ താഴെതട്ട് മുതലുണ്ട്. ഒരിക്കല്‍ അതില്‍പെട്ടുപോയാല്‍ പിന്നെ ഒറു തിരിച്ചുപോക്കില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട് നിരവധി കളിക്കാര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്ര വാതുവെപ്പുകാരെ ഇതുവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാലോചിക്കണം. കളിക്കാര്‍ക്ക് നല്‍കുന്ന ആജീവനാന്ത വിലക്കുപോലുള്ള ശിക്ഷകള്‍ വാതുവെപ്പുകാര്‍ക്കും നല്‍കണമെന്നും അക്വിബ് ജാവേദ് പറഞ്ഞു.

പാക്കിസ്ഥാനായി 22 ടെസ്റ്റിലും 163 ഏകദിനത്തിലും കളിച്ച താരമാണ് അക്വിബ് ജാവേദ്. ടെസ്റ്റില്‍ 54ഉം ഏകദിനത്തില്‍ 182 ഉം വിക്കറ്റുകള്‍ അക്വിബ് നേടി. 26-ാം വയസില്‍ 1998ല്‍ ആണ് അക്വിബ് ജാവേദ് പാക്കിസ്ഥാനുവേണ്ടി അവസാന മത്സരം കളിച്ചത്.

click me!