പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം.

കറാച്ചി: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ ക്രിക്കറ്റില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കി. വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി 30കാരനായ അക്‌മലിനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയത്. ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡ‍ിയേറ്റേഴ്സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് അക്‌മലിനെ വിലക്കിയിരുന്നു. തുടര്‍ന്ന് അക്മലിന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Also Read: അവനെ എനിക്കറിയാം, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട; ധോണിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

വാതുവെപ്പുകാരുമായി ബന്ധപ്പെടുന്ന ക്രിക്കറ്റ് താരങ്ങലെ തൂക്കിലേറ്റണമെന്ന് പാക് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അക്മ‌ലിനെ അകമഴിഞ്ഞ് പിന്തുണച്ചിട്ടുള്ള മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും താരത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. മികച്ച ബാറ്റ്സ്മാനാണെങ്കിലും തന്റെ സൗഹൃദങ്ങള്‍ അക്മല്‍ ഒന്ന് പരിശോധിക്കണമെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു.