Latest Videos

ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി ഋഷഭ് പന്ത്; സിഡ്‌നി ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

By Web TeamFirst Published Jan 11, 2021, 8:05 AM IST
Highlights

407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന്‍ കൂടി ശേഷിക്കെ 201 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട് . 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന്‍ കൂടി ശേഷിക്കെ 186 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം. ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചതോ അല്ലെങ്കില്‍ സമനില സാധ്യതയോ ഉണ്ടായിരുന്ന ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് പ്രതീക്ഷ നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന പന്ത് 108 പന്തില്‍ 80 റണ്‍സുമായി ക്രീസിലുണ്ട്. ചേതേശ്വര്‍ പൂജാര (47)യാണ് അദ്ദേഹത്തിന് കൂട്ട്.

രഹാനെ നേരത്തെ മടങ്ങി

രണ്ടിന് 98 എന്ന നിലയിലാണ് ഇന്ത്യ അവസാനദിനം ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് നൂറ് കടന്ന ഉടനെ ഇന്ത്യക്ക് ക്യാപ്റ്റന്‍ രഹാനെയെ നഷ്ടമായി. അവസാനദിവസത്തെ രണ്ടാം ഓവറില്‍ ഓസീസ് ഇന്ത്യയെ ഞെട്ടിച്ചു. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. നഥാന്‍ ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട്ട ലെഗില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കുകയായിരുന്നു. 

പന്ത് നേരത്തെ ക്രീസിലേക്ക്

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കീപ്പ് ചെയ്യാതിരുന്ന ഋഷഭ് പന്താണ് പിന്നീട് ക്രീസിലെത്തിയത്. സാധാരണതിയില്‍ ഹനുമ വിഹാരിയാണ് ഈ സ്ഥാനത്ത് വിഹാരിയാണ് കളിക്കാറ്. എന്നാല്‍ ഇന്ത്യ തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചത് പോലെ പന്തിനെ നേരത്തെ ഇറക്കുകയായിരുന്നു. പന്തിന്റെ ആക്രമണോത്സുകത ഫലം കാണുകയും ചെയ്തു. ഇതുവരെ 108 പന്തുകള്‍ മാത്രം നേരിട്ട താരം 80 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് പടുകൂറ്റന്‍ സിക്‌സറും എട്ട് ഫോറും ഉള്‍പ്പെടും. പൂജാരയ്‌ക്കൊപ്പം 120 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. 

നിലയറുപ്പിച്ച് പൂജാര

ക്യാപ്റ്റനെ നേരത്തെ നഷ്ടമായെങ്കിലും പ്രതിരോധത്തിലൂന്നിയ പൂജാര ഒരറ്റത്ത് നിലയുറപ്പിച്ചു. ഇതുവരെ 165 പന്തുകള്‍ നേരിട്ട പൂജാര 47 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറ് ബൗണ്ടറികളും ഉള്‍പ്പെടും. ആദ്യ ഇന്നിങ്‌സില്‍ അമിത പ്രതിരോധത്തില്‍ പഴിക്കേട്ട പൂജാര ഇത്തവണ അല്‍പം കൂടി വേഗത കൂട്ടി. ഇനിയൊരു വിക്കറ്റ് കൂടി വീണാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നിരിക്കെ പൂജാരയുടെ പ്രതിരോധം ഇന്ത്യക്ക് അനിവാര്യമാണ്. 

ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം, പക്ഷേ...

മികച്ച തുടക്കമാണ് ഗില്‍- രോഹിത് സഖ്യം ഇന്ത്യക്ക് നല്‍കിയത്. മോശം പന്തുകള്‍ മാത്രം നോക്കി ശിക്ഷിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും ക്രീസിലുണ്ടായിരുപ്പോള്‍ ടീമിന് ജയസാധ്യത പോലും ഉണ്ടായിരുന്നു. എന്നാല്‍ ഗില്ലിനെ മടക്കിയയച്ച് ജോഷ് ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കുകയായിരുന്നു. 64 പന്തില്‍ നാല് ഫോറ് അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. നാലാം ദിവസത്തെ കളി അവസാനിക്കാന്‍ 22 പന്തുകള്‍ മാത്രം ശേഷിക്കെ രോഹിത് ശര്‍മയും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് രോഹിത് 52 റണ്‍സെടുത്തത്. പിന്നാലെ പാറ്റ് കമ്മിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ഫൈന്‍ ലെഗില്‍  മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു രോഹിത.

ഓസീസിന് കരുത്തായത് മധ്യനിര

നേരത്തെ കാമറൂണ്‍ ഗ്രീന്‍ (84*), സ്റ്റീവന്‍ സ്മിത്ത് (81), മര്‍നസ് ലബുഷാനെ (73) എന്നിവരുടെ ബാറ്റിങ്ങാണ് ഓസീസിന് 406 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ടിം പെയ്ന്‍ (39*) മികച്ച പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍ (13), വില്‍ പുകോവ്‌സ്‌കി (10), മാത്യൂ വെയ്ഡ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. 

കമ്മിന്‍സിന്റെ ബൗളിങ്

നേരത്തെ, പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിങ്ങാണ് ഇന്ത്യ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (22), ചേതേശ്വര്‍ പൂജാര (50), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. കൂടാതെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കുന്നതിനും താരം പങ്കാളിയായി. ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്ന് റണ്ണൗട്ടുകളുണ്ടായിരുന്നു.

click me!