ഗില്‍ നിരാശപ്പെടുത്തി, മാഞ്ചസ്റ്ററില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം; രണ്ടാം സെഷന്‍ ഇംഗ്ലണ്ടിന്റേത്

Published : Jul 23, 2025, 08:24 PM ISTUpdated : Jul 23, 2025, 08:25 PM IST
Shubman-Gill-Crying-Video

Synopsis

മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യദിനം തിരിച്ചടി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി നേടി.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. 12 റണ്‍സുമായി താരം മടങ്ങി. മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 149 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (3), സായ് സുദര്‍ശന്‍ (23) എന്നിവരാണ് ക്രിസീല്‍. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങിയത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ടീമിലെത്തി.

ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. എന്നാല്‍ ലഞ്ചിന് ശേഷം രാഹുല്‍ മടങ്ങി. ജയ്‌സ്വാളിനൊപ്പം 94 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രാഹുല്‍ മടങ്ങുന്നത്. ക്രിസ് വോക്‌സിന്റെ പന്തില്‍ സ്ലിപ്പില്‍ സാക് ക്രൗളിക്ക് ക്യാച്ച്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അധികം വൈകാതെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ജയ്‌സ്വാളിനെ കൂടുതല്‍ സമയം ക്രീസില്‍ തുടരാന്‍ ഡോസണ്‍ അനുവദിച്ചില്ല. സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്താവുന്നത്. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മുന്നില്‍ ഗില്ലിന് പിഴച്ചു. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് രണ്ടാം സെഷനില്‍ പന്ത് - സാസ് സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇതിനിടെ സായ് നല്‍കിയ ക്യാച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് വിട്ടുകളഞ്ഞു.

മത്സരത്തിന്റെ തുടക്കത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ടോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇതുവരെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മൂന്ന് തവണ ടോസ് നേടിയ ടീം തോറ്റപ്പോള്‍ എട്ട് തവണ മത്സരം സമനിലയായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്