ആദ്യ സെഷന്‍ അതിജീവിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍, നഷ്ടങ്ങളില്ല; ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ മികച്ച തുടക്കം

Published : Jul 23, 2025, 05:45 PM IST
Yashasvi Jaiswal

Synopsis

യശസ്വി ജയ്‌സ്വാള്‍ (36), കെ എല്‍ രാഹുല്‍ (40) എന്നിവരാണ് ക്രീസില്‍.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. മാഞ്ചസ്റ്ററില്‍ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (36), കെ എല്‍ രാഹുല്‍ (40) എന്നിവരാണ് ക്രീസില്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനും രാഹുലിന് സാധിച്ചു. ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങിയത്.

പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ടോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം.

ഇതുവരെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മൂന്ന് തവണ ടോസ് നേടിയ ടീം തോറ്റപ്പോള്‍ എട്ട് തവണ മത്സരം സമനിലയായി. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നുവെന്നതും മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്ത കാറ്റും പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. അതേസമയം മാഞ്ചസ്റ്ററില്‍ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പേസര്‍ ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലുണ്ട്.

സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. കൈവിരലിനേറ്റ പരിക്ക് ഭേദമായ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായതോടെ ധ്രുവ് ജുറെലിന് ടീമിലെത്താനുള്ള സാധ്യത അവസാനിച്ചു. കരുണ്‍ നായര്‍ക്ക് പകരം മൂന്നാം നമ്പറിലാവും സായ് സുദര്‍ശന്‍ ബാറ്റിംഗിന് എത്തുക. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്