ഇന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം, ഗില്ലിന് പരിക്ക്! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പ്രതിരോധത്തില്‍

Published : Nov 15, 2025, 12:12 PM IST
India vs South Africa Test

Synopsis

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 159 റൺസിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടമായി. 

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 159നെതിരെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 138 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (11), ധ്രുവ് ജുറല്‍ (9) എന്നിവരാണ് ക്രീസില്‍. ഇന്ന് വാഷിംഗ്ടണ്‍ സുന്ദര്‍ (29), റിഷഭ് പന്ത് (27), കെ എല്‍ രാഹുല്‍ (39) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റ് ജസ്പ്രിത് ബുമ്രയാണ് തകര്‍ത്തത്.

ഒന്നിന് 37 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്നലെ യശസ്വി ജയ്‌സ്വാളിന്റെ (12) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മാര്‍ക്കോ യാന്‍സന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ന് സുന്ദറാണ് ആദ്യം മടങ്ങുന്നത്. സിമോണ്‍ ഹാര്‍മറിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. രാഹുലിനൊപ്പം 57 റണ്‍സ് ചേര്‍ത്തിന് ശേഷമാണ് സുന്ദര്‍ മടങ്ങുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍ ഫോറടിച്ച് തുടങ്ങിയെങ്കിലും പേശീ വലിവിനെ തുടര്‍ന്ന് ക്രീസ് വിട്ടു. മൂന്ന് പന്തുകളാണ് താരം നേരിട്ടത്.

പിന്നാലെ റിഷഭ് പന്ത് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. എന്നാല്‍ മറുവശത്ത് രാഹുലിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. 119 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടിയിരുന്നു. വൈകാതെ പന്തും മടങ്ങി. ഏകദിന ശൈലിയില്‍ കളിച്ച പന്ത് 24 പന്തുകളില്‍ രണ്ട് വീതം സിക്‌സും ഫോറും നേടി. കോര്‍ബിന്‍ ബോഷിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ജഡേജ - ജുറല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

നല്ല തുടക്കം പിന്നെ കൂട്ടത്തകര്‍ച്ച

ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണിംഗ് വിക്കറ്റില്‍ റിയാന്‍ റിക്കിള്‍ടണ്‍-ഏയ്ഡന്‍ മാര്‍ക്രം സഖ്യം 10.3 ഓവറില്‍ 57 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. ബുമ്രയെ കരുതലോടെ നേരിട്ട ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ മുഹമ്മദ് സിറാജിനെയും അക്‌സര്‍ പട്ടേലിനെയും ശിക്ഷിച്ചപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ തന്റെ രണ്ടാം സ്‌പെല്ലില്‍ ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. 22 പന്തില്‍ 23 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണെ ബൗള്‍ഡാക്കിയ ബുമ്ര തന്റെ അടുത്ത ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(31) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ കുല്‍ദീപ് യാദവ ഷോര്‍ട്ട് ലെഗ്ഗില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. 14 റണ്‍സടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക പതറി.

പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 100 കടത്തി. 105-3 എന്ന ഭേദപ്പെട്ട നിലയില്‍ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്കക്ക് ലഞ്ചിനുശേഷം വിയാന്‍ മുള്‍ഡറെ(24) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കുല്‍ദീപ് ആണ് വീണ്ടും പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ടോണി ഡി സോര്‍സിയെ(24) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക 120-5ലേക്ക് വീണു.

ആദ്യ സെഷനില്‍ നിരാശപ്പെടുത്തി മുഹമ്മദ് സിറാജ് റിവേഴ്‌സ് സ്വിംഗുമായി രണ്ടാം സെഷനില്‍ ആഞ്ഞടിച്ചു. കെയ്ല്‍ വെരിയെന്നെയെ(16) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് പിന്നാലെ മാര്‍ക്കോ യാന്‍സനെ(0) ബൗള്‍ഡാക്കി. ചായക്ക് തൊട്ടു മുമ്പ് കോര്‍ബിന്‍ ബോഷിനെ(3) കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി അക്‌സറും വിക്കറ്റ് വേട്ടക്കെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച പൂര്‍ണമായി. ചായക്ക് ശേഷം തന്റെ രണ്ടാം ഓവറില്‍ സൈമണ്‍ ഹാര്‍മറെ ബൗള്‍ഡാക്കിയ ബുമ്ര കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍