
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെക്കാന്‍ കാരണമായത് പലാഷിന്‍റെ വഴിവിട്ട ബന്ധമാണെന്ന റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്. വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടാണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നത് എന്നായിരുന്നു ഇന്നലെ ഇരു കുടുംബങ്ങളും വ്യക്തമാക്കിയിരുന്നത്. ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് പലാഷ് മുച്ചലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പലാഷിനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
ഇതിന് പിന്നാലെ സ്മൃതി മന്ദാനയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതെന്നും ഈ പ്രതിസന്ധി സമയത്ത് എല്ലാവരും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും പലാഷ് മുച്ചലിന്‍റെ സഹോദരി പലാക് മുച്ചല്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് പലാഷിന്‍റെ വഴിവിട്ട ബന്ധമെന്ന രീതിയില്‍ യുവതിയുമായുള്ള ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പ്രചരിച്ചത്.
മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് പലാഷുമായി സംസാരിച്ചതിന്‍റെ തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പ്രതകിരിച്ചിട്ടുമില്ല. യുവതിയെ മാരിയറ്റ് ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്‍റെ മറുപടികളുമാണ് വാട്സാപ്പ് ചാറ്റിലുള്ളത്.
വിവാഹിതാരവാന്‍ പോകുന്ന സ്മൃതി മന്ദാനയ്‌ക്കും പലാഷ് മുച്ചാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിലൂടെ ആശംസകൾ നേരുകയും ചെയ്തിരുന്നു. സ്മൃതിക്കും പലാഷിനും എന്നേക്കും സന്തോഷകരമായ ജീവിതം ആശംസിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കത്തയക്കുകയായിരുന്നു.നേരത്തെ ഇന്ത്യ വനിതാ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ തന്‍റെ ഇടത് കൈത്തണ്ടയിൽ സ്മൃതിയുടെ ജേഴ്സി നമ്പറിനെ അനുസ്മരിപ്പിച്ച് 'എസ്എം 18' എന്നെഴുതിയ ടാറ്റൂ പതിപ്പിച്ച വീഡിയോ പലാഷ് മുച്ചല്‍ പുറത്തുവിട്ടിരുന്നു.
ലോകകപ്പിൽ 54.25 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 434 റൺസ് നേടിയ സ്മൃതി മന്ദാന ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡിന് പിന്നിലായി ടൂർണമെന്‍റിൽ രണ്ടാമത്തെ ഉയർന്ന റൺസ് നേടിയ താരം സ്മൃതിയായിരുന്നു. നവി മുംബൈയിൽ ന്യൂസിലൻഡിനെതിരെ നേടിയ 109 റൺസായിരുന്നു ലോകകപ്പിലെ സ്മൃതിയുടെ ഏറ്റവും മികച്ച പ്രകടനം.
സെഞ്ചുറിക്ക് മുൻപ് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ നേടിയ 80, 88 എന്നിങ്ങനെ തുടർച്ചയായ സ്കോറുകളും നേടിയിരുന്നു. ഐസിസിയുടെ ലോകകപ്പ് 2025 ടീമിലും സ്മൃതിയെ ഉൾപ്പെടുത്തി, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക