മാറ്റ് ഹെന്റിക്ക് ആറ് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി

Published : Nov 13, 2026, 02:24 PM IST
IND vs NZ

Synopsis

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് 244 റൺസിന്റെ വമ്പൻ തോൽവി. 334 റൺസ് പിന്തുടർന്ന ഇന്ത്യ കേവലം 89 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗിനെ തകർത്തത്.

മൗണ്ട് മൗംഗനുയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. 334 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ കേവലം 26.4 ഓവറില്‍ 89ന് എല്ലാവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനെ 108 പന്തില്‍ 125 റണ്‍സ് നേടിയ വില്‍ യംഗാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടീം സീഫെര്‍ട്ട് 58 റണ്‍സ് നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

മുന്‍ നിര പാടേ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷന്‍ (53 പന്തില്‍ 27) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. അക്‌സര്‍ പട്ടേല്‍ (21), നമന്‍ ധിര്‍ (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാറ്റ് ഹെന്റി എറിഞ്ഞ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ (0) വിക്കറ്റ് കീപ്പര്‍ ഫിന്‍ അലന് ക്യാച്ച് നല്‍കി മടങ്ങി. അഞ്ചാം പന്തില്‍ വിരാട് കോലി (0) ബൗള്‍ഡ്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിക്കറ്റിന് മുന്നില്‍ കുടുക്കാനും ഹെന്റിക്ക് സാധിച്ചു. ആറാം ഓവറില്‍ റുതുരാജ് ഗെയ്കവാദും (5) മടങ്ങി. ജാമിസണിന്റെ പന്തില്‍ സ്ലിപ്പില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച്.

തുടര്‍ന്ന് കിഷന്‍-അക്‌സര്‍ സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അധികനേരം കൂട്ടുകെട്ട് മുന്നോട്ട് പോയില്ല. 18-ാം ഓവറില്‍ അക്‌സറിനെ മാത്യു ഫിഷര്‍ മടക്കി. വൈകാതെ കിഷന്‍, ഹെന്റിയുടെ പന്തില്‍ പുറത്തായി. അക്വിബ് നബി (5), കുല്‍ദീപ് യാദവ് (1) എന്നിവര്‍ക്കും കിവീസിന് പേസര്‍മാര്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. നമന്‍ ധിറിന്റെ പോരാട്ടം അവസാനിപ്പിച്ച് ഹെന്റി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒടുവില്‍ ഗുര്‍നൂര്‍ ബ്രാറിനേയും (2) മടക്കി ഹെന്റി ഇന്ത്യയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. അര്‍ഷ്ദീപ് സിംഗ് (0) പുറത്താവാതെ നിന്നു.

നേരത്തെ, മികച്ച തുടക്കമായിരുന്നു കിവീസിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ യംഗ് - സീഫെര്‍ട്ട് സഖ്യം 85 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ സീഫെര്‍ട്ടിനെ പുറത്താക്കി ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നിക് കെല്ലി (4), ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (8) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് യംഗ്- അലന്‍ സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. 31-ാം ഓവറില്‍ അക്‌സര്‍ പട്ടേലിലൂടെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. അലന്‍ പുറത്ത്. വൈകാതെ യംഗ് സെഞ്ചുറി പൂര്‍ത്തിയാക്കി. 37ാം ഓവറിലാണ് യംഗ് മടങ്ങുന്നത്. 108 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 14 ഫോറും നേടി. നേരത്തെ, അക്വിബ് നബിയെറിഞ്ഞ രണ്ടാം ഓവറില്‍ യംഗ് നല്‍കിയ രണ്ട് അവസരങ്ങള്‍ രോഹിത്തും കിഷനും വിട്ടുകളഞ്ഞിരുന്നു.

യംഗിന് ശേഷം മൈക്കല്‍ ബ്രേസ്‌വെല്‍ (15), മിച്ചല്‍ സാന്റ്‌നര്‍ (24), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (22), മാറ്റ് ഹെന്റി (2), മാത്യൂ ഫിഷര്‍ (1) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. കെയ്ല്‍ ജാമീസണ്‍ (22) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി നബി, ബ്രാര്‍, അക്‌സര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സ്ഥിരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവരെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കിഷന്‍, റുതുരാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും കോലിയും ശ്രേയസും ആദ്യ ഓവറില്‍ മടങ്ങി; കിവീസിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
'അസംബന്ധം’: ഉസ്മാൻ ഖവാജയുടെ ആരോപണം തള്ളി പാറ്റ് കമ്മിൻസ്, പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ലെന്ന് ഓസ്‌ട്രേലിയൻ നായകൻ