പന്ത് ചുരണ്ടൽ വിവാദത്തിൽ മുൻ സഹതാരം ഉസ്മാൻ ഖവാജയുടെ ആരോപണങ്ങൾ നിഷേധിച്ച് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് രംഗത്ത്. സിഡ്നിയിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിലാണ് ഉസ്മാൻ ഖവാജ പ്രതികരണം.

സിഡ്നി: 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മുൻ സഹതാരം ഉസ്മാൻ ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ അസംബന്ധമാണെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു. ടീമിൽ എല്ലാവർക്കും അറിവുണ്ടായിരുന്നു എന്ന വാദം 100 ശതമാനം തെറ്റാണെന്നും ഓസ്‌ട്രേലിയൻ നായകൻ ചൂണ്ടിക്കാട്ടി. ഖവാജ സുഹൃത്താണെന്ന് പറഞ്ഞ കമ്മിൻസ്, എന്നാൽ സുഹൃത്തുക്കൾ ലാഘവത്തോടെ സംസാരിക്കരുതെന്നും ആവശ്യപ്പെട്ടു. ഖവാജയുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിയമനടപടിക്ക് ഇല്ലെന്നും വ്യക്തമാക്കി.

ഈ ആഴ്ച പുറത്തിറങ്ങിയ ആത്മകഥയിലാണ്, പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിയാമായിരുന്നു എന്ന് ഖവാജ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സിഡ്നിയിൽ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനത്തിൽ പാറ്റ് കമ്മിൻസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു. ഗ്രൗണ്ടിലേക്ക് സാൻഡ്പേപ്പർ കൊണ്ടുപോകുന്നത് ടീമിന് അറിയാമായിരുന്നു എന്ന വാദം 100 ശതമാനം തെറ്റാണ്. താൻ ഇതിന്റെ സൂത്രധാരനായിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മിൻസ് പറഞ്ഞു. സാൻഡ്പേപ്പർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് താൻ കാമറൂൺ ബാൻക്രോഫ്റ്റിനോട് പറഞ്ഞിരുന്നു എന്ന ഖവാജയുടെ വെളിപ്പെടുത്തൽ തന്നെ ഞെട്ടിച്ചുവെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.

ഉസ്മാൻ ഒരു സുഹൃത്താണെങ്കിലും സുഹൃത്തുക്കൾ പരസ്പരം ജീവിതവും സൽപ്പേരും വെച്ച് നിസ്സാരമായി പെരുമാറരുതെന്ന് കമ്മിൻസ് ഓർമ്മിപ്പിച്ചു. പുസ്തകത്തിലെ ചില പരാമർശങ്ങൾ അപകീർത്തികരമാണെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും ഖവാജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എട്ട് വർഷം മുമ്പ് നടന്ന ഈ വിവാദത്തിൽ നിന്ന് മുന്നോട്ട് പോകേണ്ട സമയമായെന്നും കമ്മിൻസ് പറഞ്ഞു. ഏഷ്യൻ വംശജൻ ആയതിനാൽ ഓസ്‌ട്രേലിയൻ നായകൻ ആക്കിയില്ലെന്ന ആരോപണവും തെറ്റാണെന്നും പാറ്റ് കമ്മിൻസ് പറഞ്ഞു.

2018ലെ പന്ത് ചുരണ്ടൽ വിവാദം

2018 മാർച്ചിൽ കേപ് ടൗണിലെ ന്യൂലാൻഡ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിക്കാൻ സാൻഡ്പേപ്പർ ഉപയോഗിച്ചതാണ് സംഭവം. ക്രിക്കറ്റിന് അപകീർത്തി വരുത്തിയതിന് അന്നത്തെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയും ഓസ്‌ട്രേലിയ ഒരു വർഷത്തേക്ക് വിലക്കിയിരുന്നു. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുമ്പോൾ പിടിക്കപ്പെട്ട ഓപ്പണിംഗ് ബാറ്റർ കാമറൂൺ ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ് ലഭിച്ചത്. മൂവരും ശിക്ഷ അംഗീകരിക്കുകയും പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.