
മൗണ്ട് മൗംഗനുയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 334 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ നാലിന് 53 എന്ന നിലയിലാണ്. ഇഷാന്‍ കിഷന്‍ (26), അക്‌സര്‍ പട്ടേല്‍ (21) എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി. കെയ്ല്‍ ജാമിസണ് ഒരു വിക്കറ്റുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനെ 108 പന്തില്‍ 125 റണ്‍സ് നേടിയ വില്‍ യംഗാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടീം സീഫെര്‍ട്ട് 58 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാറ്റ് ഹെന്റി എറിഞ്ഞ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ (0) വിക്കറ്റ് കീപ്പര്‍ ഫിന്‍ അലന് ക്യാച്ച് നല്‍കി മടങ്ങി. അഞ്ചാം പന്തില്‍ വിരാട് കോലി (0) ബൗള്‍ഡ്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിക്കറ്റിന് മുന്നില്‍ കുടുക്കാനും ഹെന്റിക്ക് സാധിച്ചു. ആറാം ഓവറില്‍ റുതുരാജ് ഗെയ്കവാദും (5) മടങ്ങി. ജാമിസണിന്റെ പന്തില്‍ സ്ലിപ്പില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച്. തൊട്ടടുത്ത പന്തില്‍ അക്‌സര്‍ പട്ടേലിന് വിക്കറ്റ് നഷ്ടപ്പെടേണ്ടതായിരുന്നു. എന്നാല്‍ നിക്ക് കെല്ലി അനായാസ ക്യാച്ച് വിട്ടുകളഞ്ഞു.
നേരത്തെ, മികച്ച തുടക്കമായിരുന്നു കിവീസിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ യംഗ് - സീഫെര്‍ട്ട് സഖ്യം 85 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ സീഫെര്‍ട്ടിനെ പുറത്താക്കി ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നിക് കെല്ലി (4), ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ് (8) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് യംഗ്- അലന്‍ സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. 31-ാം ഓവറില്‍ അക്‌സര്‍ പട്ടേലിലൂടെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. അലന്‍ പുറത്ത്. വൈകാതെ യംഗ് സെഞ്ചുറി പൂര്‍ത്തിയാക്കി. 37-ാം ഓവറിലാണ് യംഗ് മടങ്ങുന്നത്. 108 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 14 ഫോറും നേടി. നേരത്തെ, അക്വിബ് നബിയെറിഞ്ഞ രണ്ടാം ഓവറില്‍ യംഗ് നല്‍കിയ രണ്ട് അവസരങ്ങള്‍ രോഹിത്തും കിഷനും വിട്ടുകളഞ്ഞിരുന്നു.
യംഗിന് ശേഷം മൈക്കല്‍ ബ്രേസ്‌വെല്‍ (15), മിച്ചല്‍ സാന്റ്‌നര്‍ (24), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (22), മാറ്റ് ഹെന്റി (2), മാത്യൂ ഫിഷര്‍ (1) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. കെയ്ല്‍ ജാമീസണ്‍ (22) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി നബി, ബ്രാര്‍, അക്‌സര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സ്ഥിരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവരെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കിഷന്‍, റുതുരാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!