ആദ്യ ദിനം അവസാന ഓവറില്‍ നിരാശയായി കോലി, ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ലീച്ചില്‍

By Web TeamFirst Published Feb 24, 2021, 10:22 PM IST
Highlights

രോഹിത് ശര്‍മ (57), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, ഇംഗ്ലണ്ട് 112ന് പുറത്തായിരുന്നു.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. മൊട്ടേറ സ്റ്റേഡിയത്തില്‍ പകല്‍- രാത്രി ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 99 എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പൂജാര (0), ക്യാപ്റ്റന്‍ വിരാട് കോലി (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ (57), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, ഇംഗ്ലണ്ട് 112ന് പുറത്തായിരുന്നു. അക്‌സര്‍ പട്ടേലിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

നിരാശപ്പെടുത്തി ഗില്ലും പൂജാരയും

വളരെ പതുക്കെയാണ് ഗില്‍ തുടങ്ങിയത്. അനാവശ്യ പന്തുകളില്‍ മാത്രമാണ് താരം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ജോഫ്ര ആര്‍ച്ചര്‍ പന്തെറിയാനെത്തിയപ്പോള്‍ താരത്തിന് പിഴിച്ചു. പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ സാക് ക്രൗളിക്ക് ക്യാച്ച് നല്‍കി. പിന്നീട് ക്രീസിലെത്തിയത് പൂജാര. എന്നാല്‍ നാല് പന്തുകള്‍ മാത്രമായിരുന്നു പൂജാരയുടെ ആയുസ്. ജാക്ക് ലീച്ചിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

കോലി മടങ്ങിയത് അവസാന ഓവറില്‍

ആദ്യ ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങിയത്. അതും നാല് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. ആദ്യദിനം ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിച്ചത് കോലിയുടെ വിക്കറ്റ് തന്നെയായിരിക്കും. ലീച്ചിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പുറത്താകുമ്പോള്‍ 27 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഇതിനിടെ രോഹിത് അര്‍ധ സെഞ്ചുറി നേടിയത് ഇന്ത്യക്ക് ആശ്വാസമായി. 82 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ സഹായത്തോടെയാണ് രോഹിത് 57 റണ്‍സെടുത്തത്. ഉപനായകന്‍ രഹാനെയാണ് (1) രോഹിത്തിന് കൂട്ട്. 

ടീമില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാത്രം

പകല്‍- രാത്രി ടെസ്റ്റായതുകൊണ്ടുതന്നെ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഇന്ത്യയാവട്ടെ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു. മൊട്ടേറ സ്റ്റേഡിയത്തില്‍ ഒന്നാംദിനം തന്നെ കുത്തിത്തിരിയുന്ന പിച്ചാണ് കണ്ടത്. ഇംഗ്ലണ്ടിന്റെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയതും സ്പിന്നര്‍മാരാണ്. ഈ സാഹചര്യത്തില്‍ ഒരു സ്പിന്നറെ മാത്രം ഇറക്കി കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം പാടെ പിഴച്ചു. ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റും വീഴ്ത്തിയത് ലീച്ചാണെന്നും ഓര്‍ക്കണം. ഡോം ബെസ്സിന് കൂടെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് അല്‍പം ആശ്വാസം ലഭിക്കുമായിരുന്നു. പാര്‍ട്ട്‌ടൈം സ്പിന്‍ എറിയുന്ന ജോ റൂട്ടിന് ആ വിടവ് നികത്താന്‍ കഴിയുമൊ എന്ന് കണ്ടറിയണം.

അക്‌സ്‌റിന്റെ ആറ് വിക്കറ്റ് നേട്ടം

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച്ച ചെന്നൈയിലെ അരങ്ങേറ്റ ടെസ്റ്റിലും ഇടങ്കയ്യന്‍ സ്പിന്നര്‍ അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇത്തവണ ഏഴാം ഓവറില്‍ തന്നെ അക്‌സര്‍ പന്തെറിയാനെത്തി. അതിനുള്ള ഫലവും കണ്ടു. ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. ജോണി ബെയര്‍‌സ്റ്റോയെ (0) താരം വിക്കറ്റിന് മുന്നില്‍ കുടക്കി. അടുത്ത ഇര ക്രൗളിയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന ഓപ്പണറേയും പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ബെന്‍ സ്റ്റോക്‌സിനും (6) എല്‍ബിഡബ്ല്യൂ ആവാനായിരുന്നു വിധി. ജോഫ്ര ആര്‍ച്ചര്‍ (11) ബൗള്‍ഡായപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (3) സ്വീപ് ശ്രമിക്കുമ്പോള്‍ ഫൈന്‍ ലെഗില്‍ ബുമ്രയ്ക്ക് ക്യാച്ച നല്‍കി മടങ്ങി. ബെന്‍ ഫോക്‌സാവട്ടെ (12) വിക്കറ്റ് തെറിച്ച് പവലിയനില്‍ തിരിച്ചെത്തി. 

തുടക്കം ഇശാന്തിലൂടെ

ചെന്നൈ പിച്ചിനെ ഓര്‍പ്പിക്കുന്നതായിരുന്നു മൊട്ടേറയിലേയും പിച്ച്. ആദ്യ സെഷനില്‍ വീണ നാല് വിക്കറ്റുകളില്‍ മൂന്നും സ്പിന്നര്‍മാര്‍ക്കായിരുന്നു. ഇശാന്ത് ശര്‍മയിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന ഇശാന്ത് തന്റെ രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. ആറ് പന്തുകള്‍ മാത്രം നേരിട്ട ഡൊമിനിക് സിബ്ലി സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

അശ്വിനും അക്‌സറും ഏറ്റുപിടിച്ചു

ഇശാന്ത് നല്‍കിയ തുടക്കം ഇരു സ്പിന്നര്‍മാരും ഏറ്റെടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് പ്രകടനവുമായി അശ്വിന്‍, അക്‌സറിന് പിന്തുണ നല്‍കി. ജോ റൂട്ടിനെ (17)യാണ് അശ്വിന്‍ ആദ്യം പുറത്താക്കിയത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഒല്ലി പോപ് (1) മനോഹരമായ ഒരു പന്തില്‍ ബൗള്‍ഡായി. ജാക്ക് ലീച്ച് (3) സെക്കന്‍ഡ് സ്ലിപ്പില്‍ പൂജാഹയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

ഇരുടീമിലും മാറ്റങ്ങള്‍

മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്.കൂടുതല്‍ സ്വിങ് ലഭിക്കും എന്ന് കരുതിയ പിങ്ക് പന്തില്‍ രണ്ട് പേസര്‍മാരെ മാത്രമേ ടീം ഇന്ത്യ കളിപ്പിക്കുന്നുള്ളൂ. പരിക്ക് മാറിയെത്തിയ പേസര്‍ ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംപിടിച്ചില്ല. മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. ഇശാന്ത് ശര്‍മ്മയാണ് മറ്റൊരു പേസര്‍. ബാറ്റിംഗ് നിരയില്‍ മാറ്റമില്ല.  അതേസമയം ഇംഗ്ലണ്ടിന് ഒരു സ്പിന്നറേയുള്ളൂ. പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും ജയിംസ് ആന്‍ഡേഴ്സണും തിരിച്ചെത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. ജോണി ബെയര്‍‌സ്റ്റോയും സാക് ക്രൗളിയുമാണ് തിരിച്ചെത്തിയ മറ്റ് താരങ്ങള്‍. ജാക്ക് ലീച്ച് ഏക സ്പിന്നര്‍.

click me!