ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം 18.5 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ബാങ്കോക്ക്: ബാങ്കോക്കിൽ നടന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നിഷ്പ്രഭരാക്കി ഇന്ത്യയുടെ പെൺപട. പാകിസ്ഥാൻ എ ടീമിനെ 8 വിക്കറ്റിനാണ് ഇന്ത്യ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം 18.5 ഓവറില്‍ 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ ഓപ്പണര്‍ ഷവാല്‍ സുര്‍ഫിക്കറും(23), ഗുല്‍ രുഖും(21), അനോഷ് നാസിറും(17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി സൈമ താക്കോറും ക്യാപ്റ്റൻ രാധാ യാദവും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

94 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഹുമൈറ കാസിയെ(0) നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറി നേടിയ വൃന്ദ ദിനേഷും(55*), അനുഷ്ക ശര്‍മയും(24) ചേര്‍ന്ന് 79 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനരികെ അനുഷ്ക ശര്‍മ വീണെങ്കിലും തേജാല്‍ ഹസ്ബാനിസിനെ(12*) കൂട്ടുപിടിച്ച് വൃന്ദ ഇന്ത്യയെ വിജയവര കടത്തി. 29 പന്തിൽ നിന്ന് പുറത്താകാതെ 55 റൺസ് അടിച്ചുകൂട്ടിയ വൃന്ദയുടെ ഇന്നിംഗ്‌സിൽ 12 ഫോറുകൾ ഉൾപ്പെട്ടിരുന്നു. 50 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. സ്കോര്‍ പാകിസ്ഥാൻ എ 18.5 ഓവറില്‍ 93ന് ഓള്‍ ഔട്ട്, ഇന്ത്യ എ 10.1 ഓവറില്‍ 97-2.

വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ എ യുഎഇ വനിതകളോട് തോറ്റിരുന്നു. രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള ഇന്ത്യ പോയന്‍റ് പട്ടികയില്‍ രണ്ടാമതും യുഎഇ ഒന്നാമതുമാണ്. പാകിസ്ഥാനും രണ്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും യഎഇക്കും ഏറെ പുറകിലാണ്. 17ന് നേപ്പാളുമായാണ് ഇന്ത്യൻ വനിതകളുടെ അവസാന പോരാട്ടം. ഇന്ന് വൈകിട്ട് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പിലെ പുരുഷന്മാരുടെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുന്നോടിയായി ലഭിച്ച ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക