പവര്‍പ്ലേ ശ്രീലങ്കയ്‌ക്കൊപ്പം; ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

By Web TeamFirst Published Sep 6, 2022, 8:11 PM IST
Highlights

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ റിവ്യൂ രാഹുലിന് അനുകൂലമായിരുന്നു.

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 44 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. കെ എല്‍ രാഹുല്‍ (6), വിരാട് കോലി (0) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. രോഹിത് ശര്‍മ (29), സൂര്യകുമാര്‍ യാദവ് (6) എന്നിവരാണ് ക്രീസില്‍.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ റിവ്യൂ രാഹുലിന് അനുകൂലമായിരുന്നു. അംപയറുടെ കാള്‍ ഔട്ടാണെന്നുള്ളത് തിരിച്ചടിയായി. അടുത്ത ഓവറില്‍ കോലിയും മടങ്ങി. നാല് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. മധുഷനകയുടെ പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം കോലി ബൗള്‍ഡായി. 

ഇരുവരും പുറത്തായെങ്കിലും പവര്‍ പ്ലേയില്‍ രോഹിത് അവസരത്തിനൊത്ത് ഉയര്‍ന്നു. ഇതുവരെ ഒരു സിക്‌സും മൂന്ന് ഫോറും രോഹിത് നേടിയിട്ടുണ്ട്. നേരത്തെ, ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപറ്റന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയ് പുറത്തായി. ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. ശ്രീലങ്ക മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാന്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലകെ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ, അശിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷനക. 

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയെത്തുന്നത് പാകിസ്ഥാനോട് തോറ്റാണ്. ഇന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും.

click me!