
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ധ്രുവ് ജുറെല്‍ എത്തിയേക്കുമെന്ന് സൂചന. ആദ്യ രണ്ട് ടെസ്റ്റിലും വിക്കറ്റ് കീപ്പറായ കെ എസ് ഭരത് ബാറ്റിംഗിലും കീപ്പിങിലും നിറം മങ്ങിയതിന് പിന്നാലെയാണ് 15ന് രാജ്കോട്ടില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ ജുറെലിന് അവസരം നല്‍കുന്ന കാര്യം ടീം മാനേജ്മെന്‍റ് ഗൗരവമായി ആലോചിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റിലും കളിച്ച ഭരതിന് കീപ്പറെന്ന നിലയിലോ ബാറ്ററെന്ന നിലയിലോ ഇംപാക്ട് ഉണ്ടാക്കാനായിരുന്നില്ല. അതിനുശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും ഭരതില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ഉണ്ടായത്.
പിന്നീട് വെസ്റ്റ് ഇന്‍ഡീസിലും ദക്ഷിണാഫ്രിക്കയിലും രണ്ടാം കീപ്പറായിരുന്ന ഭരതിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. കെ എല്‍ രാഹുലായിരുന്നു ഇന്ത്യക്കായി വിക്കറ്റ് കാത്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിന് വിക്കറ്റ് കീപ്പിംഗില്‍ വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരതിന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളിലും 41, 28, 17, 6 എന്നിങ്ങനെയായിരുന്നു ഭരതിന്‍റെ സ്കോര്‍. ഇതുവരെ കളിച്ച ഏഴ് ടെസ്റ്റുകളിലെ 12 ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്ക ഭരതിന്‍റെ ഉയര്‍ന്ന സ്കോര്‍ 44 റണ്‍സാണ്.
മുംബൈ ഇന്ത്യൻസ് കോച്ചിനെ തള്ളി രോഹിത്തിന്‍റെ ഭാര്യ, ബൗച്ചറുടെ വിശദീകരണ വീഡിയോക്ക് താഴെ കമന്‍റ്
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോഴും വഴിത്തിരിവായത് നിര്‍ണായകഘട്ടത്തില്‍ ഭരത് പുറത്തായതായിരുന്നു. അശ്വിനൊപ്പം വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷമാണ് 28 റണ്‍സെടുത്ത് ഭരത് പുറത്തായത്. വിക്കറ്റിന് പിന്നിലും ഭരതിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആദ്യ രണ്ട് ടെസ്റ്റിലും കഴിഞ്ഞില്ല. വിശാഖപട്ടണം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഒലി പോപ്പിന്‍റെ നിര്‍ണായക സ്റ്റംപിംഗ് അവസരം ഭരത് നഷ്ടമാക്കിയിരുന്നു. ഡിആര്‍എസ് തീരുമാനങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആശ്രയിക്കാവുന്ന കീപ്പറാവാന്‍ ഭരതിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്പിന്‍ പിച്ചില്‍ പന്ത് കളക്ട് ചെയ്യുന്നതില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് അസാമാന്യ മികവ് കാട്ടിയപ്പോള്‍ ഭരതിന്‍റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി. ഇതിന് പിന്നാലെയാണ് ബാറ്റിംഗ് പരാജയവും. റിഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തായശേഷം പറ്റിയൊരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഇഷാന്‍ കിഷനെ പരീക്ഷിച്ചെങ്കിലും കിഷനിപ്പൊള്‍ ടീം മാനേജ്മെന്‍റിന്‍റെ ഗുഡ് ലിസ്റ്റിലില്ല. രണ്ടാം ടെസ്റ്റിനുശേഷം ഭരതിന്‍റെ പ്രകടനത്തെ കോച്ച് രാഹുല്‍ ദ്രാവിഡ് പിന്തുണച്ചെങ്കിലും മൂന്നാം ടെസ്റ്റില്‍ ജുറെലിന് തന്നെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!