ബുമ്രക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കുന്ന കാര്യമാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ പേസാക്രമണത്തെ ഒറ്റക്ക് ചുമലിലേറ്റിയ ബുമ്രയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്ത്.
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസറ്റില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തിയപ്പോള്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തത് പേസര്‍ ജസ്പ്രീത് ബുമ്രയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയ ബുമ്രയുടെ മികവാണ് ആശങ്കക്കൊടുവില്‍ ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ ആധികാരിക ജയം സമ്മാനിച്ചത്. എന്നാല്‍ രാജ്കോട്ടില്‍ 15ന് തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിയാന്‍ ബുമ്രയുണ്ടാകില്ലെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ബുമ്രക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കുന്ന കാര്യമാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ പേസാക്രമണത്തെ ഒറ്റക്ക് ചുമലിലേറ്റിയ ബുമ്രയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്ത്. രണ്ട് കളികളില്‍ 15 വിക്കറ്റാണ് 10.67 ശരാശരിയില്‍ ബുമ്ര എറിഞ്ഞിട്ടത്. മൂന്നാം ടെസ്റ്റില്‍ ബുമ്ര കളിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ച കുറയാന്‍ അത് കാരണമാകുമെന്നാണ് കരുതുന്നത്. ആദ്യ ടെസ്റ്റില്‍ ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിട്ട മുഹമ്മദ് സിറാജിനോ രണ്ടാം ടെസ്റ്റില്‍ കളിച്ച മുകേഷ് കുമാറിനോ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബുമ്രക്ക് വിശ്രമം നല്‍കുമ്പോള്‍ വിരാട് കോലി മടങ്ങിവരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാത്രമാണ് കോലി വിട്ടു നിന്നത്. എന്നാല്‍ കോലി എപ്പോള്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രാഹുലിന്‍റെ അഭാവം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ ബാധിച്ചിരുന്നു. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യരും കെ എസ് ഭരതും സ്ഥാനം നിലനിര്‍ത്തുമോ എന്നും കണ്ടറിയേണ്ടതാണ്. ഇന്നലെ രണ്ടാം ടെസ്റ്റിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയിരുന്നു. 15ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച.
