സഞ്ജുവിന്‍റെ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്ത് രവീന്ദ്ര ജഡേജയോ യശസ്വി ജയ്‌സ്വാളോ എത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

ജയ്പൂർ: ഐപിഎൽ 2026 സീസണ് മുന്നോടിയായി ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജു സാംസണിന്‍റെ പിൻഗാമിയെ പ്രഖ്യാപിക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്. സീനിയര്‍ താരം രവീന്ദ്ര ജഡേജയെയും യുവതാരം യശസ്വി ജയ്സ്വാളിനെയും തഴഞ്ഞ രാജസ്ഥാന്‍ ടീം മാനേജ്മെന്‍റ് സഞ്ജുവിന്‍റെ പിന്‍ഗാമിയായി റിയാൻ പരാഗിനെയാണ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലു മണിക്കുണ്ടാകും. മുഖ്യ പരിശീലകന്‍ കുമാർ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്‍റെ പേര് നിര്‍ദേശിച്ചതെന്ന് 'ഇഎസ്പിഎൻ ക്രിക്ഇൻഫോ' റിപ്പോർട്ട് ചെയ്തു. ജയ്സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സഞ്ജുവിന്‍റെ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്ത് സീനിയര്‍ താരം രവീന്ദ്ര ജഡേജയോ യശസ്വി ജയ്‌സ്വാളോ എത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്‌സ്വാളാകാട്ടെ രാജസ്ഥാന്‍ നായകനാവാനുള്ള ആഗ്രഹം മുമ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ ടീമിനെ നയിക്കാൻ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്‌മെന്‍റ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് ട്രേഡിംഗിലൂടെ എത്തിയ രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തിനെക്കാൾ പരാഗിന്‍റെ യുവത്വത്തിനാണ് സംഗക്കാര മുൻഗണന നൽകിയത്.

Scroll to load tweet…

ഇതാദ്യമായല്ല പരാഗ് രാജസ്ഥാന്‍റെ നായകനാകുന്നത്. കഴിഞ്ഞ സീസണുകളിൽ സഞ്ജു പരിക്കിന്‍റെ പിടിയിലായപ്പോൾ 8 മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നു. അന്ന് ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്ത പരാഗ്, കൊൽക്കത്തയ്ക്കെതിരെ 95 റൺസെടുത്ത് തിളങ്ങുകയും ചെയ്തു. എന്നാൽ പരാഗ് നയിച്ച 8 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ രാജസ്ഥാന് ജയിക്കാനായുള്ളു.

11 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സാംസൺ കഴിഞ്ഞ സീസണില്‍ രാജസ്ഥാൻ വിട്ടത്. പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിലൂടെ 18 കോടി രൂപക്ക് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. സഞ്ജുവിന്‍റെ കീഴിൽ 2022-ൽ രാജസ്ഥാൻ റണ്ണറപ്പുകളായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക