ഒടുവില്‍ കൂട്ടുകെട്ട് പൊളിഞ്ഞു, വിന്‍ഡീസിന്റെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു; ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് 121 റണ്‍സ് വിജയലക്ഷ്യം

Published : Oct 13, 2025, 03:52 PM IST
Kuldeep Yadav Pick Three Wickets

Synopsis

ദില്ലി ടെസ്റ്റില്‍ ഫോളോഓണിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് കളിച്ച വെസ്റ്റ് ഇന്‍ഡീസ് 390 റണ്‍സിന് പുറത്തായി.ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്രയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 121 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഫോളോഓണിന് ശേഷം, രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 390 റണ്‍സിന് എല്ലാവരും പുറത്തായി. ജോണ്‍ കാംപെല്‍ (115), ഷായ് ഹോപ്പ് (103) എന്നിവന്‍ വിന്‍ഡീസിനായി സെഞ്ചുറി നേടി. അവസാന വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സ് (32) - ജസ്റ്റിന്‍ ഗ്രീവ്‌സ് (പുറത്താവാതെ 50) എന്നിവര്‍ കൂട്ടിചേര്‍ത്ത 79 റണ്‍സാണ് വിന്‍ഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഇന്നിംഗ്‌സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് മറുപടി ബാറ്റിംഗില്‍ 248 റണ്‍സാണ് നേടിയത്. പിന്നാലെ ഫോളോഓണ്‍ ചെയ്യേണ്ടിവന്നു.

രണ്ടിന് 173 എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ കാംപെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ജഡേജയ്‌ക്കെതിരെ സിക്‌സ് നേടികൊണ്ടാണ് കാംപെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജഡേജയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കാംപെലിന്റെ ഇന്നിംഗ്‌സ്. ഹോപ്പിനൊപ്പം 177 റണ്‍സ് ചേര്‍ക്കാന്‍ കാംപെലിന് സാധിച്ചിരുന്നു. അധികം വൈകാതെ ഷായ് ഹോപ്പ് സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. സിറാജിന്റെ പന്തില്‍ ബൗള്‍ഡ്.

പിന്നാലെ വിന്‍ഡീസ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസിനെ കുല്‍ദീപ് യാദവ് മടക്കി. തെവിന്‍ ഇംലാച്ച് (12), ഖാരി പിയേറെ (0), ജോമല്‍ വറിക്കാന്‍ (3), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (2) എന്നിവര്‍ വന്നത് പോലെ മടങ്ങി. പിന്നീട് ഗ്രീവ്‌സ് - സീല്‍സ് സഖ്യം ഇതുവരെ 79 റണ്‍സ് കൂട്ടിചേര്‍ത്തു. സീല്‍സിനെ പുറത്താക്കി ബുമ്രയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക് അതനാസെ (7) എന്നിവരുടെ വിക്കറ്റുകള്‍ വിന്‍ഡീസിന് ഇന്നലെ നഷ്ടമായിരുന്നു.

നേരത്തെ, വാലറ്റത്ത് കാരി പിയറി (23), ആന്‍ഡേഴ്സണ്‍ ഫിലിപ്പ് (പുറത്താവാതെ 24), ജെയ്ഡന്‍ സീല്‍സ് (13), ജസ്റ്റിന്‍ ഗ്രീവ്സ് (17) എന്നിവരുടെ പോരാട്ടമാണ് വിന്‍ഡീസിനെ ആദ്യ ഇന്നിംഗ്‌സില്‍ 200 കടത്തിയത്. മൂന്നാം ദിനം 175-8 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത പിയറി-ആന്‍ഡേഴ്സണ്‍ കൂട്ടുകെട്ടാണ് 200 കടത്തിയത്. നാലിന് 140 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. പിടിച്ചു നിന്ന് പ്രതീക്ഷ നല്‍കിയ ഷായ് ഹോപ്പിനെ(36) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവാണ് മൂന്നാം ദിനം വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

പിന്നാലെ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ചിനെ (21) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജസ്റ്റിന്‍ ഗ്രീവ്സിനെ (17) കൂടി മടക്കിയ കുല്‍ദീപ് വിന്‍ഡീസിന്റെ നടുവൊടിച്ചപ്പോള്‍ ജോമെല്‍ വാറിക്കനെ (1) പുറത്താക്കിയ മുഹമ്മദ് സിറാജ് വിന്‍ഡീസിനെ 175-8ലേക്ക് തള്ളിയിട്ട് ഫോളോ ഓണ്‍ ഭീഷണിയിലാക്കി. പിന്നീടായിരുന്നു പിയറിയും ആന്‍ഡേഴ്സണും തമ്മിലുള്ള കൂട്ടുകെട്ട് വിന്‍ഡീസിന്റെ രക്ഷക്കെത്തിയത്.

ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ പിയറിയെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്ര വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു. പത്താം വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സിനെ കൂട്ടുപിടിച്ച് ആന്‍ഡേഴ്സണ്‍ ഫിലിപ്പ് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. രണ്ടാം ന്യൂബോളിലും ബുമ്രയും സിറാജും വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തപ്പോള്‍ സീല്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചതിനൊപ്പം വിന്‍ഡീസ് ഇന്നിംഗ്സിനും തിരശീലയിട്ടു.

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം