
ബെല്‍ഫാസ്റ്റ്: ശ്രേയസ് അയ്യരുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടി20 ടീം ഇന്ന് അയര്‍ലന്‍ഡിനെതിരെ പുതിയ യുഗത്തിന് തുടക്കമിടുകയാണ്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതയും സഞ്ജു സാംസന്റെ സ്ഥാനവും ടീം തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയാണ് ശ്രേയസ് അയ്യരെ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് ശ്രേയസിന് വഴിതുറന്നത്. ആരാധകര്‍ ശ്രദ്ധിക്കുന്ന മറ്റൊരു താരം വൈഭവാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും തകര്‍ത്തടിച്ച 15കാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരധകരുടെ ആകാംക്ഷ.
ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലില്‍ 29 പന്തില്‍ 94 റണ്‍സടിച്ച വൈഭവ് 11 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് കുറിച്ചിരുന്നു. വൈഭവ് ഓപ്പണറായി അരങ്ങേറിയാല്‍ ടീമില്‍ നിന്ന് ആരെ പുറത്തിരുത്തും എന്നതാണ് ടീം മാനേജ്മെന്റിനെ അലട്ടുന്ന പ്രധാന ചോദ്യം. ലോകകപ്പില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ സഞ്ജു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ലോകകപ്പില്‍ നിറം മങ്ങിയെങ്കിലും അഭിഷേക് ഐപിഎല്ലില്‍ തകര്‍ത്തടിച്ചിരുന്നു.
ടി20 ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോററാവുകയും 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരം നേടുകയും ചെയ്ത സഞ്ജു സാംസണ്‍ തന്നെയായിരിക്കും അയര്‍ലന്‍ഡിനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് സൂചന. കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണയും സഞ്ജുവിനുണ്ട്. സഞ്ജുവിനൊപ്പം വൈഭവ് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍, നിലവില്‍ ലോകത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായേക്കും. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ അടുത്ത 7 മത്സരങ്ങള്‍ക്കുള്ളില്‍ വൈഭവിനെ പരീക്ഷിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചാല്‍ അഭിഷേകിന് പുറത്തിരിക്കേണ്ടി വരും.
ഓപ്പണിങ്ങിന് ശേഷമുള്ള ബാറ്റിംഗ് പൊസിഷനുകളില്‍ വലിയ അനിശ്ചിതത്വമില്ല. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും നാലാമനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ക്രീസിലെത്തും. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ്മ അഞ്ചാമനായും ശിവം ദുബെ ആറാമനായും ഫിനിഷറുടെ റോളില്‍ അക്‌സര്‍ പട്ടേലും എത്തും. പരിക്കില്‍ നിന്ന് പൂര്‍ണ്ണമുക്തനായി തിരിച്ചെത്തിയ ഹര്‍ഷിത് റാണയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പേസ് നിര നയിക്കും. കുല്‍ദീപ് യാദവിന് വിശ്രമം അനുവദിച്ചതിനാല്‍ രവി ബിഷ്ണോയ് ആയിരിക്കും പ്രധാന സ്പിന്നര്‍. ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലോ വാഷിംഗ്ടണ്‍ സുന്ദറോ ടീമില്‍ ഇടംപിടിച്ചേക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ / വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!