തുടർച്ചയായി ആഭ്യന്തര മത്സരങ്ങളിൽ റൺസടിച്ചിട്ടും ശരീരഭാരത്തിന്‍റെ പേരിലും കായികക്ഷമത ഇല്ലാത്തതിന്‍റെ പേരിലും കരിയറിലുടനീളം വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് സർഫറാസ്.
മുംബൈ: എന്‍റെ ശരീരപ്രകൃതി അനുയോജ്യമല്ലായിരിക്കാം, പക്ഷേ എനിക്കുള്ളതെല്ലാം നൽകി ഞാൻ പോരാടും, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പ് സർഫറാസ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. തുടര്‍ച്ചയായ അവഗണനകളിലും വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന മുംബൈ താരത്തിന്‍റെ നിശ്ചയദാർഢ്യം ഒടുവില്‍ ജയിച്ചു. ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സായ് സുദർശന്‍റെ പരിക്ക് ഭേദമാകാതോടെയാണ് രണ്ടര വർഷത്തോളമായി കാത്തിരുന്ന ഇന്ത്യൻ ടീമിന്‍റെ വാതിൽ സർഫറാസിന് മുന്നിൽ വീണ്ടും തുറന്നത്. ഓഗസ്റ്റ് 15-ന് ആരംഭിച്ച് ഗാലെയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് സർഫറാസ് ഇടംപിടിച്ചത്.
17 കിലോ ഭാരം കുറച്ച മേക്ക്ഓവർ
തുടർച്ചയായി ആഭ്യന്തര മത്സരങ്ങളിൽ റൺസടിച്ചിട്ടും ശരീരഭാരത്തിന്‍റെ പേരിലും കായികക്ഷമത ഇല്ലാത്തതിന്‍റെ പേരിലും കരിയറിലുടനീളം വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് സർഫറാസ്. എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 17 കിലോ ഭാരമാണ് താരം കുറച്ചത്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തി കൂടുതൽ ഷാർപ്പായതോടെ താരത്തിന്‍റെ കളിശൈലിയും കൂടുതൽ മികവുറ്റതായി. മുംബൈയിൽ കനത്ത മഴ പെയ്തതോടെ പരിശീലനം മുടങ്ങാതിരിക്കാൻ കശ്മീരിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിലായിരുന്നു സര്‍ഫറാസിന്‍റെ പരിശീലനം. അവിടെ പ്രാദേശിക ബൗളർമാർക്കൊപ്പം മണിക്കൂറുകളോളം നെറ്റ്സിൽ ചെലവഴിച്ചു. സ്പിൻ ബൗളിങ്ങിനെതിരായ മികവ് നിലനിർത്താൻ മുംബൈയിലെ പ്രൈവറ്റ് ഫെസിലിറ്റികളിൽ ഉപയോഗിച്ച റെഡ് സോയിൽ ട്രാക്കുകളിലും ആസ്ട്രോ ടർഫുകളിലും മണിക്കൂറുകളോളമാണ് സര്‍ഫറാസ് ബാറ്റിങ് പരിശീലനം നടത്തിയത്.
2024-ൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ തിരിച്ചടികൾക്ക് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സർഫറാസിന് വലിയ ആഘാതമായിരുന്നു. 0-3ന് ഇന്ത്യ തോറ്റ പരമ്പരക്കുശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും സര്‍ഫറാസിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ടിൽ 92 റൺസും ഇൻട്രാ സ്‌ക്വാഡ് മത്സരത്തിൽ സെഞ്ചുറിയും നേടി സർഫറാസ് മികവ് കാട്ടിയിട്ടും ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനായില്ല.
ശ്രീലങ്കൻ പിച്ചുകളിൽ പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നർമാരെ നേരിടാൻ സർഫറാസിന്‍റെ സാന്നിധ്യം ഇന്ത്യക്ക് നിർണായകമാകും. നായകൻ ശുഭ്മൻ ഗില്ലിനും റിഷഭ് പന്തിനും ഒപ്പം സ്പിൻ ബൗളിങ്ങിനെ ഏറ്റവും മികച്ച രീതിയിൽ നേരിടുന്ന താരമാണ് സർഫറാസ്. സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകൾ കൃത്യതയോടെ കളിക്കാനുള്ള സര്‍ഫറാസിന്‍റെ മികവ് ഗാലെയിലെ സ്പിൻ ട്രാക്കുകളിൽ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും.
