
മുംബൈ: ലോര്‍ഡ്സിലെ ചരിത്രപ്രസിദ്ധമായ സെഞ്ചുറിക്കു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അന്താരാഷ്ട്ര കരിയറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ രോഹിത്തിന്റെ ഫോമിനെച്ചൊല്ലി വലിയ ചര്‍ച്ചകളും അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ലോര്‍ഡ്സിലെ മൂന്നാം ഏകദിനത്തോടെ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
എന്നാല്‍, തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയ 39 കാരനായ രോഹിത് ശര്‍മ്മ, 110 പന്തില്‍ 138 റണ്‍സ് അടിച്ചുകൂട്ടി കളം വാഴുകയായിരുന്നു. ഈ പ്രകടനത്തോടെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. പിന്നാലെ രാജീവ് ശുക്ല രോഹിത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്. ''രോഹിത് ശര്‍മ്മ ഞങ്ങളുടെ ടീമിന്റെ ഭാഗമാണ്, അദ്ദേഹം കളി തുടരുകയാണ്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് യാതൊരു ചോദ്യവുമില്ല.'' ശുക്ല വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ നേതൃത്വത്തെച്ചൊല്ലി ഉയര്‍ന്ന ചില വിമര്‍ശനങ്ങളെയും ശുക്ല തള്ളിക്കളഞ്ഞു. ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആരെ ടീമില്‍ നിലനിര്‍ത്തണം, ആരെ ഒഴിവാക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സെലക്ടര്‍മാരുടേതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ കളിക്കുകയും മത്സരങ്ങള്‍ വിജയിക്കുകയും ചെയ്യുന്നതിനാല്‍ നിലവില്‍ ടീമില്‍ യാതൊരു മാറ്റത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പര്യടനം ഇന്ത്യയെ സംബന്ധിച്ച് സമ്മിശ്ര ഫലങ്ങളുടേതായിരുന്നു. ലോര്‍ഡ്സിലെ മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മാത്രമായിരുന്നു ഇന്ത്യയുടെ ഏക ആശ്വാസം. ഈ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യ 2-1 ന് ഏകദിന പരമ്പര നഷ്ടപ്പെടുത്തുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 2-0 ന് വൈറ്റ്വാഷ് ചെയ്യപ്പെട്ടതും, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 4-0 ന് പരാജയപ്പെട്ടതും ഉള്‍പ്പെടെ നിരാശജനകമായ പര്യടനത്തിനാണ് ഇതോടെ തിരശീല വീണത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!