രണ്ടാം ടെസ്റ്റിലും കളിപ്പിച്ചാല്‍ ഒരുപക്ഷെ ബുമ്രയെ ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകും, മുന്നറിയിപ്പുമായി ഓസീസ് ക്യാപ്റ്റൻ

Published : Jul 01, 2025, 09:36 PM IST
Jasprit Bumrah

Synopsis

2024നുശേഷം ടെസ്റ്റില്‍ ബുമ്ര 410.4 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് 359.1 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. 

ബര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ജസപ്രീത് ബുമ്രയുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ബുമ്രയും ഇന്ത്യൻ ടീം മാനേജ്മെന്‍റും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബുമ്ര നാളെ കളിക്കാനിറങ്ങുമോ എന്നാണ് ഇന്ത്യയെപ്പോലും ഇംഗ്ലണ്ടും ഉറ്റുനോക്കുന്നത്. എന്നാല്‍ നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും ബുമ്രയെ കളിപ്പിച്ചാല്‍ ഇന്ത്യക്ക് എന്നെന്നേക്കുമായി ഒരുപക്ഷെ ബുമ്രയെ നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസീസ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഭാര്യയുമായ അലീസ ഹീലി. 2024നുശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍ ബുമ്രയാണെന്ന് അലീസ ഹീലി ചൂണ്ടിക്കാട്ടി.

2024നുശേഷം ടെസ്റ്റില്‍ ബുമ്ര 410.4 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് 359.1 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള മുഹമ്മദ് സിറാജാകട്ടെ 355.3 ഓവറും നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് പേസര്‍ ഗുസ് അറ്റ്കിന്‍സൺ 328 ഓവറും പന്തെറിഞ്ഞിട്ടുണ്ട്. കണക്കുകള്‍ ഇതായിരിക്കെ എങ്ങനെയാണ് ബുമ്രയുടെ ജോലിഭാരം കുറയുന്നതെന്ന് അലീസ ഹീലി ചോദിച്ചു.

ബുമ്രയുടെ ജോലിഭാരം കുറക്കുന്നതിനായാണ് മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിപ്പിക്കുന്നത് എന്നാണ് ഇന്ത്യൻ ടീം പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ കണ്ടാല്‍ അത് എങ്ങനെ പറയാനാവും. 2024നുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ പേസര്‍ ബുമ്രയാണ്. പുറത്തേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ബുമ്രക്ക് ഇപ്പോഴും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്. മനുഷ്യനെന്ന നിലയില്‍ അത് ആശങ്കപ്പെടുത്തുന്നതാണ്. കാരണം, അയാള്‍ക്ക് ക്രിക്കറ്റ് കഴിഞ്ഞാലും ഒരു ജീവിതമുണ്ട്. ചെറിയ കുട്ടിയുള്ള ഒരു കുടുംബമുണ്ട്.

ബുമ്രയെ അമിതമായി ഉപയോഗിച്ച് അയാളെ വീണ്ടും പരിക്കിന്‍റെ പിടിയിലും ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ബുമ്രയെ ഇന്ത്യക്ക് ഒരുപക്ഷെ എന്നെന്നേക്കുമായി നഷ്ടപ്പെടും. സിഡ്നിയില്‍ നിന്ന് പരിക്കേറ്റ് മടങ്ങുന്ന ബുമ്രയെ നമ്മളെല്ലാം കണ്ടതാണ്. മനോഹരമായി പന്തെറിയുമ്പോഴും തന്‍റെ പുറത്തേറ്റ പരിക്കിന്‍റെ വേദനയിലായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെതിരെ നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് വിധേനയും ബുമ്രയെ കളിപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുകയെന്നും അലീസ ഹീലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം, പേസർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ലങ്കക്ക് ഇരട്ടപ്രഹരമേല്‍പിച്ച ആദ്യ ഓവറില്‍ ഞെട്ടിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്, തലകുനിച്ച് ജസ്പ്രീത് ബുംറ