ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യ; വേഗതയേറിയ അമ്പതും നൂറും പവര്‍പ്ലേ സ്‌കോറും സ്വന്തം

Published : Oct 27, 2026, 04:59 PM IST
Abhishek Sharma

Synopsis

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കി. അഭിഷേക് ശർമ്മയുടെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഏറ്റവും വേഗത്തിൽ 50, 100 റൺസ് തികയ്ക്കുന്ന ടീമായി ഇന്ത്യ മാറി.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും വൈഭവ് സൂര്യവംശിയും തുടക്കം മുതല്‍ തന്നെ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. 15 പന്തില്‍ അര്‍ദ്ധശതനം തികച്ച അഭിഷേകിന്റെ മികവില്‍ വെറും 2.2 ഓവറിലാണ് ഇന്ത്യ ടീം അമ്പത് തികച്ചത്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ ടീം അമ്പത് തികയ്ക്കുന്ന ലോക റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തുകയും ചെയ്തു. പിന്നീട് മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് തികയ്ക്കുന്ന ലോക റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. മത്സരത്തില്‍ 38 പന്തില്‍ 113 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.

ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ ടീം അമ്പത് നേടിയ റെക്കോര്‍ഡ് ഇനി ഇന്ത്യയുടെ പേരിലാണ്. എല്ലാ ടി20 രാജ്യങ്ങളും എടുത്താല്‍, പപ്പുവ ന്യൂ ഗിനിയ, റൊമാനിയ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ ഈ റെക്കോര്‍ഡ് പങ്കിടുന്നത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ 2.4 ഓവറില്‍ അമ്പത് അടിച്ചുകൂട്ടിയിരുന്ന ന്യൂസിലന്‍ഡിന്റെയും ദക്ഷിണാഫ്രിക്കയുടെയും റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

മത്സരത്തില്‍ വെറും 5 ഓവറില്‍ (30 പന്തില്‍) 100 റണ്‍സ് തികച്ചുകൊണ്ട് ഇന്ത്യ ടി20 ലോക റെക്കോര്‍ഡ് പൂര്‍ണ്ണമായും സ്വന്തം പേരിലാക്കി. 2021-ല്‍ സെര്‍ബിയക്കെതിരെ 32 പന്തില്‍ 100 റണ്‍സ് എടുത്ത റൊമാനിയയുടെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. ടെസ്റ്റ് രാജ്യങ്ങളില്‍ 5.3 ഓവറില്‍ നൂറ് റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കയുടെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്.

കൂടാതെ, പവര്‍പ്ലേയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ലോക റെക്കോര്‍ഡും ഇന്ത്യ തകര്‍ത്തു. ആദ്യ ആറ് ഓവറില്‍ 118 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. 2021-ല്‍ സെര്‍ബിയക്കെതിരെ റൊമാനിയ നേടിയ 116/0 എന്ന റെക്കോര്‍ഡാണ് ഇതിലൂടെ പഴങ്കഥയായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്? ട്രേഡ് അഭ്യൂഹങ്ങള്‍ ശക്തമാക്കി സിഎസ്‌കെയുടെ സോഷ്യല്‍ മീഡിയ വീഡിയോ
'തിരിച്ചുവരവ് ലക്ഷ്യമിട്ട് കളിച്ചതല്ല, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍'; തുറന്നുപറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍