
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കാന്‍ പൊരുതുന്നു. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോരായ 489നെതിരെ മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 174 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ഫോളോഓണ്‍ ഒഴിവാക്കാന്‍ 115 റണ്‍സ് കൂടി ഇന്ത്യക്ക് വേണം. വാഷിംഗ്ടണ്‍ സുന്ദര്‍ (33), കുല്‍ദീപ് യാദവ് (14) എന്നിവരാണ് ക്രീസില്‍. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റ് നേടി. സിമോണ്‍ ഹാര്‍മര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ സെനുരാന്‍ മുത്തുസാമി (109), മാര്‍കോ യാന്‍സന്‍ (93) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോറിനോട് 20 റണ്‍സ് കൂടി ചേര്‍ത്ത് കെ എല്‍ രാഹുല്‍ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ജയ്‌സ്വാളിനൊപ്പം 65 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. വൈകാതെ യശ്വസി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സന് ക്യാച്ച് നല്‍കി. മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി. വൈഡ് മിഡ് ഓണില്‍ മഹാരാജിന് ക്യാച്ച്. ഇതോടെ നാലിന് 102 എന്ന നിലയിലായി ഇന്ത്യ.
അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് (7) വിക്കറ്റ് വലിച്ചെറിഞ്ഞാണ് രണ്ടാം സെഷന് തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ യാന്‍സണിനെതിരെ ക്രീസ് വിട്ട് സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ കെയ്ന്‍ വെറെയ്‌നേയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. ഔട്ടായതില്‍ സംശയം തോന്നിയ പന്ത് റിവ്യൂ എടുക്കുകയും ചെയ്തു. ഔട്ടാണെന്ന് തെളിഞ്ഞതോടെ ഒരു റിവ്യൂയും ഇന്ത്യക്ക് നഷ്ടമായി. പന്ത് മടങ്ങിയതിന് പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. നീതീഷിനെ യാന്‍സണിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം ഒരു മുഴുനീളെ ഡൈവിംഗിലൂടെ ക്യാച്ചെടുത്ത് മടക്കി. ജഡേജയും സ്ലിപ്പില്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി മടങ്ങി. ഇനി ശേഷിക്കുന്ന ഇന്ത്യയെ ഫോളോഓണില്‍ നിന്ന് രക്ഷപ്പെടുത്തുമോ എന്ന് കണ്ടറിയണം.
246ന്6 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. രണ്ടാം സെഷനില്‍ കെയ്ല്‍ വെറെയ്നെയുടെ (45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. ഇതിനിടെ മുത്തുസാമി സെഞ്ചുറി പൂര്‍ത്തിയാക്കി. 88 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപ് യാദവിനെതിരെ സിക്സും ഫോറും പറത്തി 98ലേക്ക്. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മൂന്നക്കം കടന്നു.
ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് മുത്തുസാമി. 2019ല്‍ ക്വിന്റണ്‍ ഡി കോക്കും 1997ല്‍ ലാന്‍സ് ക്ലൂസ്‌നറുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം അധിക നേരം താരം ക്രീസില്‍ തുടര്‍ന്നില്ല. സിറാജിന്റെ പന്തില്‍ യശസ്വി ജയ്സ്വാളിന് ക്യാച്ച് നല്‍കി. രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മുത്തുസാമിയുടെ ഇന്നിംഗ്സ്. തുടര്‍ന്ന് ക്രീസിലെത്തിയ സിമോണ്‍ ഹാര്‍മറെ (5) ബുമ്ര ബൗള്‍ഡാക്കി. ഹാര്‍മര്‍ക്കൊപ്പം യാന്‍സന്‍ 31 റണ്‍സ് കൂട്ടിചേര്‍ത്തു.
തുടര്‍ന്ന് അവസാനക്കാരനായി ക്രീസിലെത്തിയ കേശവ് മഹാരാജിനൊപ്പം 27 റണ്‍സ് ചേര്‍ക്കാനും യാന്‍സന് സാധിച്ചു. എന്നാല്‍ സെഞ്ചുറിക്ക് മുമ്പ് കുല്‍ദീപ് യാദവ്, യാന്‍സനെ ബൗള്‍ഡാക്കി. 91 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്സും ആറ് ഫോറും നേടി. ഇന്ത്യക്കായി കുല്‍ദീപിന് പുറമെ ജസ്പ്രിത് ബുമ്രയും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എയ്ഡാന്‍ മാര്‍ക്രം (38), റ്യാന്‍ റിക്കിള്‍ട്ടണ്‍ (35), ട്രിസ്റ്റണ്‍ സ്റ്റബ്സ് (49), തെംബ ബാവൂമ (41), ടോണി ഡി സോര്‍സി (28), വിയാന്‍ മള്‍ഡര്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ദിനം നഷ്ടമായിരുന്നു.