
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്ത്യ നാലിന് 105 എന്ന പരിതാപകരമായ നിലയില്‍ നില്‍ക്കുമ്പോഴാണ് പന്ത് പുറത്താവുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ യാന്‍സണിനെതിരെ ക്രീസ് വിട്ട് സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ കെയ്ന്‍ വെറെയ്‌നേയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു പന്ത്. ഔട്ടായതില്‍ സംശയം തോന്നിയ പന്ത് റിവ്യൂ എടുക്കുകയും ചെയ്തു. ഔട്ടാണെന്ന് തെളിഞ്ഞതോടെ ഒരു റിവ്യൂയും ഇന്ത്യക്ക് നഷ്ടമായി.
സാഹചര്യമെന്താണെന്ന് നോക്കാതെ പന്ത് വിക്കറ്റ് വലിച്ചെറിയുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്ന കഴിഞ്ഞു. കമന്ററിയിലും പറയുന്നുണ്ടായിരുന്നു, എന്തിനായിരുന്നു ഇപ്പോള്‍ അങ്ങനെ ഒരു ഷോട്ടിന്റെ ആവശ്യമെന്ന്. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...
പന്ത് മടങ്ങിയതിന് പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഗുവാഹത്തിയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 128 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 361 റണ്‍സ് പിറകില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (8), രവീന്ദ്ര ജഡേജ (1) എന്നിവര്‍ ക്രീസിലുണ്ട്.
വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോറിനോട് 20 റണ്‍സ് കൂടി ചേര്‍ത്ത് കെ എല്‍ രാഹുല്‍ (22) ഇന്ന് ആദ്യം മടങ്ങി. മഹാരാജിന്റെ പന്തില്‍ സ്ലിപ്പില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. ജയ്‌സ്വാളിനൊപ്പം 65 റണ്‍സാണ് രാഹുല്‍ ചേര്‍ത്തത്. വൈകാതെ യശ്വസി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ജയ്‌സ്വാളിന് (58) സാധിച്ചില്ല. ഹാര്‍മറിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ യാന്‍സന് ക്യാച്ച് നല്‍കി. മൂന്നാമതായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍മറിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ചെടുത്തു. തുടക്കം മുതല്‍ ക്രീസില്‍ ബുദ്ധിമുട്ടിയ ധ്രുവ് ജുറല്‍ യാന്‍സണിനെതിരെ പുള്‍ ഷോട്ട് കളിക്കുന്നതിനിടെ വിക്കറ്റ് നല്‍കി. വൈഡ് മിഡ് ഓണില്‍ മഹാരാജിന് ക്യാച്ച്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി യാന്‍സണ്‍ നാലും സിമോണ്‍ ഹാര്‍മര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.