
ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിന്റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ 356 റൺസിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയിൽ. ന്യൂസിലന്‍ഡ് സ്കോറിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിൽ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഏഴ് റണ്‍സുമായി ധ്രുവ് ജുറെലാണ് ക്രീസില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍ ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റൻ ശഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാൻ ഇന്ത്യക്കിനിയും 41 റണ്‍സ് കൂടി വേണം.
ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ യശസ്വി ജയ്സ്വാള്‍ അക്കൗണ്ട് തുറക്കാതെ പൂജ്യത്തിന് മടങ്ങിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 21 റണ്‍സും ഗിൽ 17 റണ്‍സും റിഷഭ് പന്ത് 23 റണ്‍സുമെടുത്ത് പുറത്തായി. പിടിച്ചു നിന്ന രാഹുല്‍ 80 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ദിനം അവസാന ഓവറില്‍ 60 പന്തില്‍ 10 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മടങ്ങി. കിവീസിനായി ജേക്കബ് ഡഫിയും കെയ്ല്‍ ജൈമിസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 246-5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലന്‍ഡ് 110 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 356 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 99 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആകാശ് ദീപിന്‍റെ ബൗളിംഗാണ് രണ്ടാം ദിനം ഇന്ത്യയുടെ തിരിച്ചുവരവിന് കരുത്തേകിയത്. അതേസമയം, അഞ്ച് വർഷത്തിനിടെ ആദ്യമായി ഒരു വിദേശ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റില്ലാതെ ഗ്രൗണ്ട് വിടേണ്ടി വന്നു.
211 പന്തുകൾ നേരിട്ട് 89 റൺസ് നേടിയ ടോം ബ്ലണ്ടലാണ് രണ്ടാം ദിനം കിവീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ഗ്ലെൻ ഫിലിപ്സിനെ (36) അൻഷുൽ കാംബോജ് പുറത്താക്കി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. പിന്നാലെ നഥാൻ സ്മിത്തിനെ (26) സ്വന്തം ബൗളിംഗിൽ പിടികൂടിയ ആകാശ് ദീപ്, കൈൽ ജാമിസണിനെ (19) ഡീപ് മിഡ്‌വിക്കറ്റിൽ യശസ്വി ജയ്സ്വാളിന്‍റെ മികച്ച ക്യാച്ചിലൂടെ മടക്കി. ബ്ലണ്ടലിന്‍റെ ചെറുത്തുനിൽപ്പ് ഗുര്‍നൂർ ബ്രാർ അവസാനിപ്പിച്ചതോടെ കിവീസന് 356 റണ്‍സിന് പുറത്തായി. ആകാശ് ദീപ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഗുർനൂർ ബ്രാറും അൻഷുൽ കാംബോജും രണ്ട് വിക്കറ്റ് വീതം നേടി.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ ന്യൂസിലൻഡിലെ ടെസ്റ്റ് ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന റെക്കോർഡിൽ ആകാശ് ദീപ് സ്വന്തമാക്കി. സഹീർ ഖാൻ (20 വിക്കറ്റ്, നാല് അഞ്ച് വിക്കറ്റ് നേട്ടം), ഇഷാന്ത് ശർമ്മ (17 വിക്കറ്റ്, മൂന്ന് അഞ്ച് വിക്കറ്റ് നേട്ടം), മദൻ ലാൽ (1976-ൽ അഞ്ച് വിക്കറ്റ്), ജവഗൽ ശ്രീനാഥ് (1999-ൽ അഞ്ച് വിക്കറ്റ്) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ പേസർമാർ.
A BEAUTY FROM HENRY! 🤌
Beaten all ends up! Matt Henry gets one through Yashasvi Jaiswal's defence. 😑
Watch the HERO VIDA India Tour of New Zealand 2nd Test, Day 2, LIVE NOW on Sony Sports Network TV channels & Sony LIV.
#SonySportsNetwork #SonyLIV #NZvIND https://t.co/ZMVn6zRT1y
— Sony Sports Network (@SonySportsNetwk) November 28, 2026
അതേസമയം, മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിക്കാതിരുന്നത് വലിയ നിരാശയായി. വെല്ലിംഗ്ടൺ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ടോം ലാതമിനെ പുറത്താക്കിയതിന് ശേഷം ബുംറ തുടർച്ചയായി 45.4 ഓവറുകളാണ് വിക്കറ്റില്ലാതെ പന്തെറിഞ്ഞത്. ബേസിൻ റിസർവിൽ 19.4 ഓവറും ക്രൈസ്റ്റ്ചർച്ചിൽ 26 ഓവറും ബുംറ വിക്കറ്റില്ലാതെ പന്തെറിഞ്ഞു. ക്രൈസ്റ്റ്ചർച്ചിൽ 26 ഓവറിൽ ആറ് മെയ്ഡൻ സഹിതം 49 റൺസ് മാത്രമാണ് ബുംറ വഴങ്ങിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം റൺ-അപ്പിൽ മാറ്റം വരുത്തിയ ബുംറയുടെ വേഗത കുറഞ്ഞിരുന്നു. വിദേശത്തോ നിഷ്പക്ഷ വേദികളിലോ കളിച്ച 38 ഒന്നാം ഇന്നിംഗ്സുകളിൽ നാലാം തവണ മാത്രമാണ് ബുംറ 20-ലധികം ഓവറുകൾ പന്തെറിഞ്ഞിട്ടും വിക്കറ്റില്ലാതെ മടങ്ങുന്നത്. 2018-ൽ സെഞ്ചൂറിയനിലും 2021-ൽ സതാംപ്ടൺ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ലോർഡ്സിലുമാണ് ഇതിന് മുമ്പ് ബുംറ ഒന്നാം ഇന്നിംഗ്സിൽ ബുംറ വിക്കറ്റില്ലാത്ത മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!