ചെപ്പോക്കിൽ ഇന്ത്യൻ പടയോട്ടം, സിംബാബ്‌വെയെ തകർത്ത് സെമി പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ; ഇനി വിൻഡീസിനെതിരെ 'ക്വാര്‍ട്ടർ ഫൈനൽ'

Published : Feb 26, 2026, 10:39 PM IST
India Win

Synopsis

59 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ മറുമാനി 20 പന്തില്‍ 20 റണ്‍സെടുത്തു.

ചെന്നൈ: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ സിംബാബ്‌വെയെ 72 റണ്‍സിന് തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍ റയാന്‍ ബെന്നറ്റ് വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റണ്‍സകലെ സിംബാബ്‌വെ അടിതെറ്റി വീണു. 59 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ മറുമാനി 20 പന്തില്‍ 20 റണ്‍സെടുത്തു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കിയ ഇന്ത്യക്ക് ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്കൊപ്പം സെമി ടിക്കറ്റെടുക്കാം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 256-4, സിംബാബ്‌വെ 20 ഓവറില്‍ 184-6.

അടിതെറ്റിയ തുടക്കം

ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‌‌വെക്ക് പവര്‍ പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും റണ്‍മല കയറാനുള്ള വേഗം ഇന്നിംഗ്സിനില്ലായിരുന്നു. ഒരറ്റത്ത് ബ്രയാന്‍ ബെന്നറ്റ് തകര്‍ത്തടിച്ചെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല.ഓപ്പണിംഗ് വിക്കറ്റില്‍ മറുമാനി-ബെന്നറ്റ് സഖ്യം 6.2 ഓവറില്‍ 44 റണ്‍സടിച്ചാണ് വേര്‍പിരിഞ്ഞത്. ഡോണ്‍ മയേഴ്സുമൊത്ത്(6) ബെന്നറ്റ് സിംബാബ്‌വെയെ 50 കടത്തി. ക്യാപ്റ്റൻ സിക്കന്ദര്‍ റാസക്കൊപ്പമുള്ള 72 റണ്‍സ് കൂട്ടുകെട്ട് സിംബാബ്‌വെക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും തോല്‍വി ഭാരം കുറക്കാനെ അതുകൊണ്ടായുള്ളു. റാസയെ പുറത്താക്കിയ അര്‍ഷ്ദീപ് സിംഗാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയുടെ ആധിപത്യമുറപ്പിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശർമയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അര്‍ധസെഞ്ചുറികളുടെയും ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.

റിച്ചാര്‍ഡ് നഗവരയുടെ നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പറത്തിയാണ് ഇന്ത്യക്കായി സഞ്ജു സാംസണ്‍ തുടങ്ങിയത്. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് സഞ്ജു നല്ലതുടക്കമിട്ടു. ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു ഒരു സിക്സ് കൂടി പറത്തി. ഇതോടെ രണ്ടോവറില്‍ ഇന്ത്യ 23 റണ്‍സിലെത്തി. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവും ബൗണ്ടറി നേടി. പിന്നാലെ അഭിഷേക് സിക്സ് കൂടി നേടിയതോടെ ടിനോട്ടേണ്ട മാപോസ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യ 23 റണ്‍സാണ് അടിച്ചെടുത്തത്.

എന്നാല്‍ ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ സഞ്ജുവിനെ ആവേശം ചതിച്ചു. മുസര്‍ബാനിയുടെ സ്ലോ ബോള്‍ തിരിച്ചറിയാതെ സിക്സിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ്‌വിക്കറ്റില്‍ റ്യാന്‍ ബേളിന്‍റെ കൈകളില്‍ അവസാനിച്ചു. 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു അഭിഷേകിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 48 റണ്‍സെടുത്ത് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ക്രീസ് വിട്ടത്.

സഞ്ജു പുറത്തായശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷനും മോശമാക്കിയില്ല. 24 പന്തില്‍ 38 റണ്‍സെടുത്ത കിഷന്‍ അഭിഷേകിനൊപ്പം ഇന്ത്യയെ 100 കടത്തിയശേഷമാണ് പുറത്തായത്. 11-ാം ഓവറില്‍ കിഷന്‍ പുറത്താവുമ്പോള്‍ ഇന്ത്യ 120ല്‍ എത്തിയിരുന്നു.പിന്നീടെത്തിയ ക്യാപ്റ്റൻ‍ സൂര്യകുമാര്‍ യാദവും മോശമാക്കിയില്ല. 13 പന്തില്‍ 33 റണ്‍സെടുത്ത സൂര്യ ഇന്ത്യൻ സ്കോറുയര്‍ത്തി. ഇതിനിടെ ലോകകപ്പിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 30 പന്തില്‍ 55 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ സൂര്യയും മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയും(23 പന്തില്‍ 50*) തിലക് വര്‍മയും(16 പന്തില്‍ 44*) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദ്ദിക് നാലു സിക്സും രണ്ട് ഫോറും പറത്തിയപ്പോള്‍ തിലക് മൂന്ന് ഫോറും നാലു സിക്സും പറത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്കോർ 24 ആണെങ്കിലും ഇംപാക്ട് വലുതാണ്, ഡഗ് ഔട്ടിൽ സഞ്ജുവിനെ ചേർത്തുപിടിച്ച് ഗംഭീറും സഹപരിശീലകരും
സഞ്ജു മുതൽ തിലക് വരെ 'സൂപ്പര്‍ ഹിറ്റ്'; ചെപ്പോക്കിൽ ഇന്ത്യയുടെ റെക്കോർഡ് വേട്ട, യുവി യുഗത്തിലെ റെക്കോർഡും വീണു