അടുത്തവര്‍ഷം ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന് അഹമ്മദാബാദ് വേദിയാവും

By Web TeamFirst Published Dec 10, 2020, 4:03 PM IST
Highlights

നാലു ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പൂര്‍ണ പരമ്പരക്കായാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുകയെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

മുംബൈ: അടുത്തവര്‍ഷം ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റിന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയം വേദിയാവും. ഫെബ്രുവരി ഏഴിനാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. ഫെബ്രുവരി 24ന് ആണ് ഡേ നൈറ്റ് ടെസ്റ്റ് തുടങ്ങുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റിന് പുറമെ പരമ്പരയിലെ ഒരു ടി20 മത്സരത്തിനും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ വേദിയാവും.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്യവെയാണ് ഡേ നൈറ്റ് ടെസ്റ്റിന്‍റെ വേദി സംബന്ധിച്ച് ജയ് ഷാ മനസുതുറന്നത്. നാലു ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പൂര്‍ണ പരമ്പരക്കായാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുകയെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ സമ്പൂര്‍ണ പരമ്പര. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പര അടുത്തവര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് മികച്ച മുന്നൊരുക്കമാവുമെന്നാണ് കരുതുന്നത്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് നിലവില്‍ ഇംഗ്ലണ്ട്. റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

click me!