മൂന്ന് വിക്കറ്റ് വീണു; പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വിയര്‍ക്കുന്നു

By Web TeamFirst Published Dec 17, 2020, 2:25 PM IST
Highlights

ഓപ്പണര്‍മാരായ പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്‌ടമായിരുന്നു.

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് പന്ത് ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്‌ടം. ചേതേശ്വര്‍ പൂജാരയാണ് അവസാനം പുറത്തായത്. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ആദ്യദിനം ചായയ്‌ക്ക് പിരിഞ്ഞപ്പോള്‍ 55 ഓവറില്‍ 107-3 എന്ന നിലയിലാണ് ഇന്ത്യ. കോലി (111 പന്തില്‍ 39*) റണ്‍സെടുത്തും രഹാനെ(20 പന്തില്‍ 2*) റണ്‍സുമായും ക്രീസിലുണ്ട്. 

രണ്ടാം പന്തില്‍ ഷാ ഡക്ക്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പിങ്ക് പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി പന്തെടുത്തു. ഒന്നിംഗ്‌സിലെ രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് പൃഥ്വി ഷായെ സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. മികച്ച ലെങ്തില്‍ വന്ന പന്തില്‍ ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയായിരുന്നു ഷാ. 

19-ാം ഓവറിലെ ആദ്യ പന്തില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഓപ്പണര്‍മാരുടെ മടക്കം പൂര്‍ണമാക്കി. ഗുഡ് ലെങ്‌തില്‍ വന്ന ഇന്‍-സ്വിങര്‍ പ്രതിരോധിക്കുന്നതില്‍ മായങ്കിന് പാളുകയായിരുന്നു. പന്ത് പാഡിനും ബാറ്റിനും ഇടയിലൂടെ ബെയ്‌ല്‍സ് തെറിപ്പിച്ചു. 40 പന്തില്‍ 17 റണ്‍സ് മാത്രമാണ് മായങ്കിന് നേടാനായത്. 

കരകാണാതെ രക്ഷാപ്രവര്‍ത്തനം

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇന്ത്യയെ കരകയറ്റാന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ശ്രമിച്ചു. സ്റ്റാര്‍ക്ക്-കമ്മിന്‍സ്-ഹേസല്‍വുഡ് പേസ് ത്രയത്തിന്‍റെ ബൗണ്‍സറുകള്‍ നേരിട്ട് കരുതലോടെയായിരുന്നു തുടക്കം. എന്നാല്‍ 160 പന്തുകള്‍ നേരിട്ട പൂജാരയെ 50-ാം ഓവറില്‍ സ്‌പിന്നര്‍ ലിയോണ്‍ പറഞ്ഞയച്ചു. രണ്ട് മാത്രം ബൗണ്ടറികള്‍ സഹിതം 43 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. 

പന്ത് പൂജാരയുടെ ബാറ്റില്‍ തട്ടി ലെഗ് സ്ലിപ്പില്‍ ലബുഷെയ്‌ന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും പെയ്‌ന്‍റെ കൃത്യമായ ഡിആര്‍എസ് ഓസീസിന് അനുകൂലമായി. ഇതോടെ 100-3 എന്ന നിലയില്‍ വീണ്ടും പ്രതിരോധത്തിലായി ഇന്ത്യ. 68 റണ്‍സ് മാത്രമാണ് മൂന്നാം വിക്കറ്റില്‍ പൂജാര-കോലി സഖ്യത്തിന് ചേര്‍ക്കാനായത്.   

ഗ്രീനിന് ബാഗി ഗ്രീന്‍

ഇന്ത്യ അന്തിമ ഇലവനെ മത്സരത്തിന് തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഓസ്‌ട്രേലിയ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് അരങ്ങേറ്റത്തിന് അവസരം നല്‍കി. ഗ്രീനിന് ബാഗി ഗ്രീന്‍ ക്യാപ്പ് പാറ്റ് കമ്മിന്‍സ് കൈമാറി. മത്സരത്തില്‍ ഇതുവരെ വിക്കറ്റ് നേടാന്‍ ഗ്രീനിനായിട്ടില്ല. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ജോ ബേണ്‍സും മാത്യൂ വെയ്‌ഡുമാണ് ഓപ്പണര്‍മാരെന്ന് നായകന്‍ പെയ്‌ന്‍ വ്യക്തമാക്കി.

click me!